കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ചെളിയും മാലിന്യങ്ങളും പൊതു ഓടയിലൂടെ അഷ്ടമുടിക്കായലിലേക്ക് ഒഴുക്കുന്നതിന് പിഴയീടാക്കാൻ തീരുമാനിച്ചതായി മേയർ ഹണി ബെഞ്ചമിൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
റെയിൽവേ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ച് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി നോട്ടീസ് നൽകിയിട്ടുണ്ട്. പീരങ്കി മൈതാനത്തെ അറവു മാലിന്യ പ്രശ്നം കൗൺസിലർമാർ പറഞ്ഞു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കരാർ ഏറ്റെടുത്തിരിക്കുന്ന ഏജൻസി പീരങ്കിമൈതാനത്ത് കോഴിയിറച്ചി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. പലതവണ താക്കീത് ചെയ്തിട്ടും സ്വകാര്യ ഏജൻസി ഒന്നും വിലയ്ക്കെടുന്നില്ല. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻ തുക ഫീസായി ഈടാക്കിയാണ് ഏജൻസി മാലിന്യം നീക്കംചെയ്യുന്നത്. ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കേണ്ടത് അവരുടെ ചുമതലയാണ്. മാലിന്യം നീക്കുന്നതിന് കോർപ്പറേഷൻ ടെൻഡർ ചെയ്‌തെങ്കിലും ആരും പങ്കെടുത്തില്ല. മന്ത്രി തലത്തിൽവരെ പരാതികൾ എത്തിയിട്ടുണ്ടെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ്ജ് ഡി.കാട്ടിൽ, കൗൺസിലർമാരായ പ്രസന്ന ഏണസ്റ്റ്, കൊല്ലം മധു, പുഷ്പാംഗദൻ, കുരുവിള ജോസഫ്, ജി. ഉദയകുമാർ, ബി. സാബു, എസ്. ശ്രീലത, എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
തെരുവ് വിളക്കുകൾ കത്തുന്നില്ല
കോർപ്പറേഷൻ പരിധിയിലെ മിക്ക ഡിവിഷനുകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് ഭരണ, പ്രതിപക്ഷ കൗൺസിലർമാർ
മീറ്റർ കമ്പനി സബ്കരാർ നൽകിയിരിക്കുന്ന കരാറുകാർ നിരുത്തരവാദ പരമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവ് സോമൻ
തെരുവ് വിളക്കുകൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കരാറുകാരെ ബന്ധപ്പെടുമ്പോൾ നന്നാക്കാൻ എത്തുന്നില്ലെന്നും സ്ഥിരം സമിതി അദ്ധ്യക്ഷ ഗീതാകുമാരി
മീറ്റർ കമ്പനി അധികൃതരെയും ഉദ്യോഗസ്ഥരെയും വിളിച്ച് ഉടൻ യോഗം ചേരാനും പ്രശ്‌നം പരിഹരിക്കാനും തീരുമാനം
കോർപ്പറേഷൻ കടവുകളിൽ സ്വകാര്യ ബോട്ടുകൾ കെട്ടുന്നതും കടവുകൾ നശിപ്പിക്കുന്നതും ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്ന് ഡെപ്യൂട്ടി മേയർ എസ്. ജയൻ