dd
കാർഷിക വിള മോഷണത്തെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ 28 ന് പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലം: ഇളമ്പള്ളൂർ പഞ്ചായത്തിലെ പെരുമ്പുഴ താഴം മുണ്ടപ്പള്ളി കോൺവയലിലും സമീപപ്രദേശങ്ങളിലെയും കർഷകർ ജാഗ്രതയിലായതോടെ, കാർഷിക വിളകൾ മോഷ്ടിക്കുന്ന കള്ളൻമാരെ കാണാനില്ല. മോഷണം സംബന്ധിച്ച 'കേരളകൗമുദി' വാർത്തയെത്തുടർന്ന് കർഷകർ സംഘടിക്കുകയും പ്രദേശത്ത്, സ്ഥിരമായി ലഹരി ഉപയോഗിച്ച് ശല്യം ചെയ്യുന്നവരെ വീടുകളിലെത്തി താക്കീത് ചെയ്യുകയുമുണ്ടായി. ഇതാണ് ആശ്വാസത്തിന് വഴിതെളിച്ചത്.

കുറച്ചു നാളായി ഈ പ്രദേശങ്ങളിൽ കാർഷിക വിള മോഷണം പതിവായിരുന്നു. മരച്ചീനി, കരിക്ക്, ഏത്തക്കുലകൾ, അടയ്ക്ക, തേങ്ങ എന്നിവയാണ് പ്രധാനമായും മോഷ്ടിക്കുന്നത്. 20 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കൃഷിഭൂമിയിൽ വി.എഫ്.പി.സി.കെ ചൈതന്യ സ്വാശ്രയ സംഘത്തിലെയും പ്രകൃതി കൃഷിക്കൂട്ടത്തിലെയും 12 കർഷകരുടെ നേന്ത്രക്കുലകളും നാളികേരവും മരച്ചീനിയുമാണ് അടുത്തിടെ മോഷണം പോയത്. വിളഞ്ഞ് വിൽപ്പനയ്ക്ക് പാകമായ 60 വാഴക്കുലകൾ ഒരാഴ്ചയ്ക്കിടെ മോഷണം പോയിരുന്നു. നെടുമ്പന, നല്ലില, കുരീപ്പള്ളി, കണ്ണനല്ലൂർ ഭാഗങ്ങളിലേക്ക് മോഷണ വസ്തുക്കളുമായി പെട്ടെന്ന് എത്താൻ കഴിയുമെന്നതും കൃഷിയിറക്കിയ സ്ഥലത്ത് ആൾത്താമസം കുറവായതുമാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വിളവെടുപ്പ് സമയത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. അന്ന് കുണ്ടറ പൊലീസിൽ പരാതി നൽകി. പിന്നീടാണ് ലഹരി സംഘങ്ങളുടെ വീടുകളിലെത്തി താക്കീത് നൽകിയത്. ഇതിന് ശേഷം പൊലീസ് പരിശോധന ശക്തമാക്കിയതിനാൽ കൂടുതൽ വിളവ് നഷ്ടപ്പെട്ടില്ല.