photo
കുണ്ടറ ഇളമ്പരൂരിൽ സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള വെള്ളക്കെട്ട്

കൊല്ലം: കുണ്ടറ ഇളമ്പള്ളൂർ ജംഗ്ഷനിൽ വെള്ളക്കെട്ട് സ്കൂൾ വിദ്യാർത്ഥികളെ ചെളിയിൽ കുളിപ്പിക്കുന്നു. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന് തൊട്ടുമുന്നിലുള്ള ബസ് സ്റ്റോപ്പിനോട് ചേർന്നാണ് വലിയ തലവേദനയായി മാറിയിരിക്കുന്ന ഈ വെള്ളക്കെട്ട്.

സ്കൂൾ വിട്ട് പുറത്തേക്കുവരുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ബസ് സ്റ്റോപ്പിൽ നിൽക്കുന്ന മറ്റുള്ളവരുടെയും ദേഹത്തേക്കാണ് ചെളിവെള്ളം തെറിക്കുന്നത്. ഇതേച്ചൊല്ലി ഇടയ്ക്കിടെ സംഘർഷങ്ങളുമുണ്ട്. കൊല്ലം- തിരുമംഗലം ദേശീയ പാതയിലാണ് ഈ വെള്ളക്കെട്ട്. ഇളമ്പള്ളൂർ ക്ഷേത്രവും ഇതിനടുത്താണ്. ക്ഷേത്രത്തിലേക്ക് പോകുന്നവരും ചെളിവെള്ളത്തിൽക്കൂടി വേണം കടന്നുപോകാൻ. ഇവിടെ ഓടയില്ല, വെള്ളം ഒഴുകിപ്പോകാൻ സംവിധാനവുമില്ല. പെരുമഴയായാൽ ദുരിതമേറും. ഇളമ്പള്ളൂർ ലെവൽ ക്രോസ് അടയുമ്പോൾ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ്. ഈ സമയത്ത് റോഡിൽ വാഹനങ്ങൾ നിറയുന്നതിനാൽ ചെളിവെള്ളത്തിൽ കൂടിയല്ലാതെ നടക്കാനും കഴിയില്ല. ഈ ദുരിതമൊക്കെ കണ്ടിട്ടും പരിഹാര സംവിധാനങ്ങളുണ്ടാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.

യൂണിഫോമിട്ട് രാവിലെ സ്കൂളിലേക്ക് എത്തുമ്പോഴാകും ചെളിവെള്ളം തെറിക്കുന്നത്. ചെളിയിൽ മുങ്ങിയ വസ്ത്രവുമായി എങ്ങനെ ക്ളാസിലിരിക്കും. വൈകിട്ടും ഇതേ ദുരിതം. അടിയന്തിര പരിഹാരമുണ്ടാക്കണം

വിദ്യാർത്ഥികൾ