പരവൂർ:ഗുരുദേവ ദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ ലോകവ്യാപക അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ശിവഗിരി മഠം ആചാര്യൻ കൃഷ്ണാനന്ദ സ്വാമി പറഞ്ഞു. ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യ യജ്ഞത്തിന്റെയും ജില്ലാതല ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനങ്ങളുടെ പ്രചരണം എന്ന് അവകാശപ്പെട്ട് സംഘടനകൾ നടത്തുന്ന പ്രവ‌ർത്തനങ്ങൾ എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അവ‌ർ തന്നെ പരിശോധിക്കണം. അവനവന് വേണ്ടി ആചരിക്കുന്നവ അന്യന് ഗുണം ചെയ്യണം എന്നതാണ് ഗുരുധർമ്മത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. പരവൂർ റീജിയണൽ ബാങ്ക് ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം കേരളകൗമുദി റസി​ഡന്റ് എഡി​റ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ നിവഹിച്ചു. എം.എസ്. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രാജേന്ദ്രൻ, പന്മന സുന്ദരേശൻ, ജഗ് മോഹൻ നെടുങ്ങോലം, പ്രദീപ് രാജൻ തു‌ടങ്ങിയവർ സംസാരിച്ചു.