കൊല്ലം: അഞ്ചാലുംമൂട് നടുവിലചേരിയിലെ 12 കുടുംബങ്ങൾ, വീടുകളിലേക്ക് നല്ലൊരു നടവഴിക്കായി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ. തൃക്കരുവ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് നടുവിലചേരി.
ഏലായിൽ നിന്ന് ആരംഭിക്കുന്ന മണ്ണാമല തോടിന്റെ ഇരുവശത്തുമുള്ള, ഒരടി മാത്രം വീതിയുള്ള കോൺക്രീറ്റ് കെട്ടാണ് ഇവർക്കുള്ള ഏക വഴി. പാറക്കല്ലുകൾ നിറഞ്ഞ തോടിന് സമീപത്തുകൂടി ജീവനും കയ്യിൽ പിടിച്ചു വേണം നടക്കാൻ. ചെറിയ അശ്രദ്ധ പോലും അപകടം വരുത്തിവയ്ക്കും. പ്രധാന റോഡിൽ എത്താനായി തോടിനു മുകളിൽ കോൺക്രീറ്റ് സ്ളാബ് സ്ഥാപിച്ചാൽ അത്രയും വീതിയുള്ള നടവഴി ഇവർക്ക് ലഭിക്കും. ഇതുതന്നെയാണ് വർഷങ്ങളായുള്ള ആവശ്യവും. എന്നാൽ ഇതിനുവേണ്ടി മുട്ടാത്ത വാതിലുകളുമില്ല.
ഈ വീടുകളിൽ കഴിയുന്ന കിടപ്പ് രോഗികളും കാഴ്ച കുറവുള്ള വയോധികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് കണ്ണിനും കാഴ്ചയില്ലാത്തവരും ചില വീടുകളിലുണ്ട്. രോഗം മൂർച്ഛിക്കുന്നവരെ എടുത്തുകൊണ്ട് റോഡിലേക്ക് എത്തിക്കുകയെന്നത് വളരെ ശ്രമകരമാണ്. ഇവിടെയുള്ളവരുടെ ഇരുചക്ര വാഹനങ്ങളും കുട്ടികളുടെ സൈക്കിളുകളും വീടുകളിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. പഞ്ചായത്ത് റോഡിന് സമീപത്തെ വീടുകളിലാണ് ഇവ സൂക്ഷിക്കുന്നത്.
യാത്രാ സൗകര്യമില്ലാത്തതിനാൽ സ്വന്തം വീട് വിട്ട് വാടകയ്ക്ക് താമസിക്കുന്നവരുണ്ട്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും തദ്ദേശസ്ഥാപനങ്ങളും സർക്കാരും ഇവരെ കണ്ടില്ലെന്നു നടിക്കുന്നു.
എസ്റ്റിമേറ്റുണ്ട്, ഫണ്ടില്ല
മുഖ്യമന്ത്രിയുടെ നവകേരള സദസിൽ വീട്ടുകാർ പരാതി
തോടിന് കുറുകെ സ്ലാബ് ഇടാൻ പഞ്ചായത്തും മൈനർ ഇറിഗേഷൻ വകുപ്പും എസ്റ്റിമേറ്റ് എടുത്തു
പഞ്ചായത്ത് 38.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി
ഫണ്ടില്ലെന്ന കാരണത്താൽ ഇത് ജലസേചന വകുപ്പിന് കൈമാറി
തുടർന്ന് തോടിന്റെ പാർശ്വ ഭിത്തികൾ ബലപ്പെടുത്തി സ്ലാബ് സ്ഥാപിക്കാൻ 2024 മാർച്ചിൽ 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി
ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പാക്കാമെന്ന വാഗ്ദാനം ജലരേഖയായി
ഇവിടെ ജീവിക്കുന്ന കുടുംബങ്ങൾ വലിയ ദുരിതത്തിലാണ്. പഞ്ചായത്തിൽ ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ 2023ൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവർക്ക് അനുകൂലമായ നടപടികൾ എത്രയും വേഗം ഉണ്ടാകുമെന്നാണ് കരുതുന്നത്
സലീന ഷാഹുൽ, വാർഡംഗം, തൃക്കരുവ പഞ്ചായത്ത്