കൊല്ലം: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമീപത്തുള്ള എസ്.എൻ കോളേജ്- കർബല റോഡ് സ്ട്രീറ്റ് വെൻഡിംഗ് സോൺ (വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന ഇടം) ആക്കിയാൽ ലഹരി വില്പനക്കാർ അടക്കമുള്ള സാമൂഹ്യവിരുദ്ധർ വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് ഇവിടെ കേന്ദ്രീകരിക്കുമെന്ന് ആശങ്ക. കാൽനടയാത്രയ്ക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന വിധം നഗരത്തിലെ പ്രധാന റോഡരികുകളിൽ നടക്കുന്ന കച്ചവടം ഒഴിവാക്കാനാണ് തിരക്കില്ലാത്ത സ്ഥലങ്ങളിലേക്ക് കോർപ്പറേഷൻ ഇവരെ മാറ്റുന്നത്.
കൂട്ടത്തോടെ കച്ചവട ബങ്കുകൾ വരുമ്പോൾ ഇവിടെ തിരക്ക് കൂടും. ഇതിന്റെ മറപറ്റി ലഹരി ഇടപാടുകൾക്ക് സാദ്ധ്യത ഏറെയാണ്. തുറസായ പ്രദേശത്തെ റോഡായതിനാലാണ് ഇപ്പോൾ ലഹരിക്കച്ചവടക്കാർ കാര്യമായി ഇവിടെ തമ്പടിക്കാത്തത്. ഒളിയിടങ്ങൾ ലഭിക്കുന്നതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള സാമൂഹ്യവിരുദ്ധരും ഇവിടേക്ക് ചേക്കേറും. ഇപ്പോൾ തന്നെ ഈ റോഡരികിലെ അനധികൃത പാർക്കിംഗ് കാരണം വിദ്യാർത്ഥികൾ വലയുകയാണ്. ബങ്കുകൾ കൂടി വരുന്നതോടെ വിദ്യാർത്ഥികൾക്ക് നടക്കാൻ ഇടമില്ലാത്ത അവസ്ഥയാകും.
സുഗമ സഞ്ചാരം മുടങ്ങും
വനിതാ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, വെള്ളാപ്പള്ളി നടേശൻ സപ്തതി സ്മാരക നഴ്സിംഗ് കോളേജ് എന്നീ എസ്.എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡരികിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമേ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ റോഡിനോട് ചേർന്നുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. സ്ട്രീറ്റ് വെൻഡിംഗ് സോണാകുന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷ ഭീഷണിയിലാകും. പുറമേ സുഗമമായ സഞ്ചാരവും അസാദ്ധ്യമാകും.
.................................
നഗരത്തിലെ വിദ്യാഭ്യാസ ഹബ്ബ്
സഞ്ചരിക്കുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ
നഗരത്തിലെ ശാന്തമായ പാതകളിലൊന്ന്
50 ഓളം ബങ്കുകൾ അനുവദിക്കാൻ സാദ്ധ്യത
.......................................
എസ്.എൻ കോളേജ്- കർബല റോഡ് സ്ട്രീറ്റ് വെൻഡിംഗ് സോണാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന നീക്കത്തിൽ നിന്ന് കോർപ്പറേഷൻ പിന്മാറണം
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ