എഴുകോൺ : വിഷരഹിത കാർഷിക വിഭവങ്ങൾ എന്ന ആശയത്തിലൂടെ മികച്ച കർഷകനായി മാറിയിരിക്കുകയാണ് ചീരങ്കാവ് മംഗലത്ത് വീട്ടിൽ രാജ്‌മോഹൻ. കൃഷിയിൽനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കെ-സ്വിഫ്റ്റ് സംവിധാനം ഇദ്ദേഹം പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞ 25 വർഷമായി കൃഷിയിൽ സജീവമായ രാജ്‌മോഹൻ സ്വന്തം ഭൂമിക്ക് പുറമെ പാട്ടത്തിനെടുത്ത എട്ടേക്കറോളം സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. മുന്നൂറിലധികം തെങ്ങുകളുള്ള ഇദ്ദേഹം മികച്ച ഒരു കേരകർഷകൻ കൂടിയാണ്. നെല്ല്, പച്ചക്കറി, വാഴ, തെങ്ങ്, മഞ്ഞൾ, ഇഞ്ചി, കൂടാതെ പ്ലാവ്, മാവ്, പേര, റമ്പൂട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങി വിവിധ ഫലവൃക്ഷങ്ങളും രാജ്‌മോഹന്റെ കൃഷിയിടത്തിലുണ്ട്. ഇതിനുപുറമെ മത്സ്യകൃഷിയും നടത്തുന്നുണ്ട്.
ഗുരുദർശനങ്ങളാണ് വഴികാട്ടി
ഗുരു ധർമ്മ പ്രചാരണ സംഘം സംസ്ഥാന ചെയർമാനായ രാജ്മോഹൻ ഗുരു ദർശനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് കൃഷിയിൽ സജീവമായത്.വിഷ രഹിത വിഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകണമെന്നതിൽ മാത്രമാണ് നിർബന്ധം. ജൈവ കമ്പോസ്റ്റ് വളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. പരിസരവാസികളും പരിചയക്കാരുമായ ഗ്രാമീണരാണ് പ്രധാന ഉപഭോക്താക്കൾ. കാർഷിക വിഭവങ്ങൾ ന്യായവിലയ്ക്ക് നൽകുന്നതിന് വീടിനോട് ചേർന്ന് ഒരു വിൽപ്പന ശാലയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ നെടുമ്പായിക്കുളം കാർഷിക വിപണിയിലും നൽകും.ഉരുക്ക് വെളിച്ചെണ്ണ, വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, മഞ്ഞൾപ്പൊടി, ഏത്തക്കായ , ചക്ക വറ്റലുകൾ തുടങ്ങിയ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണനം ചെയ്താണ് രാജ്മോഹൻ കൃഷിയെ ലാഭകരമാക്കുന്നത്.
ദേവസ്വം ബോർഡിൽ നിന്ന് സബ് ഗ്രൂപ്പ് ഓഫീസറായി വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ ഗീതയാണ് കൃഷിയിൽ രാജ്മോഹന്റെ പിൻബലം