കൊല്ലം: പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 17 പേർ കുടുങ്ങി. സ്‌കൂൾ-കോളേജ് ബസുകൾ, സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവയുടെ ഡ്രൈവർമാരെയാണ് പരിശോധിച്ചത്. പത്ത് സ്വകാര്യ ബസ് ഡ്രൈവർമാർ, ആറ് സ്‌കൂൾ ബസ് ഡ്രൈവർമാർ, ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർ എന്നിവരാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത്.

യൂണിഫോം ഉപയോഗിക്കാതിരുന്നതിന് രണ്ട് പേർക്കെതിരെയും കണ്ടക്ടർ ലൈസൻസ് ഇല്ലാതിരുന്ന ഒരാൾക്കെതിരെയും പിഴ ചുമത്തി. ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിൽ വിവിധ തരത്തിൽ നിയമലംഘനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂർ എ.സി.പിമാരുടെയും കരുനാഗപ്പള്ളി എ.എസ്.പിയുടെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം കൺട്രോൾ റൂം സംഘങ്ങൾ ഉൾപ്പടെ പങ്കെടുത്ത് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 7 മുതൽ രാത്രി 10 വരെ 260 വാഹനങ്ങളാണ് പരിശോധിച്ചത്.