ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കൂറ്റൻ അണലി ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ട്രെയിൻ കയറാൻ എത്തിയവരാണ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അണലിയെ കണ്ടത്.
യാത്രക്കാർ തറയിൽ ചെരുപ്പുകൾ കൊണ്ട് ബലത്തിൽ ചവിട്ടിയതോടെ അണലി പ്ലാറ്റ്ഫോമിൽ നിന്നും ഇഴഞ്ഞ് കാടുപിടിച്ച ഭാഗത്തേക്ക് നീങ്ങി. ഇതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളും കാടുപിടിച്ച് കിടക്കുകയാണ്. യാത്രക്കാർ ഇരിക്കുന്ന ബഞ്ചുകൾ പോലും കാടിനുള്ളിലായിട്ടുണ്ട്. രാത്രിയിലും പുലർച്ചയും യാത്രക്കാർ എത്തുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിൽ ആവശ്യത്തിന് വെളിച്ചവുമില്ല. തെരുവ് നായയുടെയും സാമൂഹ്യ വിരുദ്ധരുടെയും ലഹരി വിൽപ്പനക്കാരുടെയും ശല്യം രൂക്ഷമാണ്. സമീപകാലത്ത് ഇവിടെ നിന്ന് നിരവധി തവണ കഞ്ചാവ് പിടികൂടിയിരുന്നു.