പത്തനാപുരം: സ്വകാര്യ സ്കൂളിലെ പ്യൂൺ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ ജീവനക്കാരനായ മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ വീട്ടിൽ ടോണി.കെ.തോമസാണ് (27) മരിച്ചത്.
ടോണിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. ഇന്നലെ സ്കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റ് ജീവനക്കാർ ടോണിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ ടോണി താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാർ ഉടമയിൽ നിന്ന് മറ്റൊരു താക്കോൽ വാങ്ങി തുറന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ട് വർഷമായി സ്വകാര്യ സ്കൂളിലെ ജീവനക്കാരനാണ്. ടോണി കുറച്ച് നാളുകളായി ഓൺലൈൻ ഗെയിമുകൾക്ക് അടിമയാണെന്ന് ബന്ധുക്കൾ പറയുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പത്തനാപുരം പൊലീസ് കേസെടുത്തു.