കുന്നത്തൂർ: ചക്കുവള്ളി പ്രശാന്തി ഹോസ്പിറ്റലിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച 'സായി നന്ദന' ബ്ലോക്കും മറ്റ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും നാടിന് സമർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പുതിയ ബ്ലോക്കിന്റെ നാമകരണവും ഉദ്ഘാടനവും നിർവഹിച്ചു.
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. പ്രശാന്തി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിവ സന്തോഷ് സ്വാഗതം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മോഡുലാർ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള മെഡിക്കൽ ഐ.സി.യുവും ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ട്രോമാ കെയർ ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ 'സായി സുരഭി' പാലിയേറ്റീവ് ആൻഡ് ഹോം കെയർ ഡിവിഷനും നാടിന് സമർപ്പിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് പ്രിവിലേജ് കാർഡ് വിതരണവും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ എസ്.കെ ആശുപത്രിയുടെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ശ്യാമളഅമ്മ പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജി.വിജയകുമാർ 'മധുരം' ഡയബറ്റിസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് മികച്ച ആരോഗ്യസേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.