vvv
പി. ഉണ്ണിക്കൃഷ്ണപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രം പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം എന്നിവർ ചേർന്ന് കേരളകൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂരിന് സമ്മാനിക്കുന്നു

തൊടിയൂർ: മുൻ എം.എൽ.എ പി. ഉണ്ണിക്കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം സ്ഥാപിച്ച പി.ഉണ്ണിക്കൃഷ്ണപിള്ള ഗ്രന്ഥശാല ആൻഡ് പഠനകേന്ദ്രത്തിന്റെ എട്ടാം വാർഷികവും പുരസ്കാര സമർപ്പണവും അരമത്ത്മഠം എൻ.എസ്.എസ്. കരയോഗമന്ദിരം ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി. രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ ആർ. പാലവിള സ്വാഗതം പറഞ്ഞു. കേരളകൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ പുരസ്കാരം ഏറ്റുവാങ്ങി. ഗ്രന്ഥശാലയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി പി. ഉണ്ണിക്കൃഷ്ണപിള്ളയുടെ മകൻ യു.പത്മകുമാർ വിട്ടുനൽകിയ 7 സെന്റ് വസ്തുവിന്റെ ആധാരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഏറ്റുവാങ്ങി.

വിവിധ മേഖലകളിലെ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ് ഉപഹാരങ്ങൾ വിതരണം ചെയ്തു. തൊടിയൂർ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്തംഗം കെ. ധർമ്മദാസ്, യു. പത്മകുമാർ, ജയചന്ദ്രൻ തൊടിയൂർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ വനിതാ വേദി പ്രസിഡന്റ് ശ്രീകുമാരി അശോകൻ നന്ദി പറഞ്ഞു.

തുടർന്ന് നാടൻപാട്ടും അരങ്ങേറി. വിവിധ ചികിത്സാ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് രാവിലെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു.