കൊല്ലം: റോഡുകളിൽ കാൽനട യാത്രികർക്കും വാഹനങ്ങൾക്കും കെണിയൊരുക്കും വിധം ഇരുമ്പ് സ്ലാബ് മോഷണം വ്യാപകം. ചിന്നക്കട ദേശിംഗനാട് സ്കാൻസിന് മുന്നിൽ നിന്ന് ശങ്കേഴ്സിനടുത്തേക്ക് ശങ്കർ നഗറിലൂടെയുള്ള റോഡിലെ ഓടയ്ക്ക് മുകളിൽ പാകിയിരുന്ന ഏഴ് ഇരുമ്പ് സ്ലാബുകൾ ഒരാഴ്ചയ്ക്കിടെ അപ്രത്യക്ഷമായി. രാത്രികാലങ്ങളിൽ ലോറിയിൽ എത്തിയാണ് ഇവ മോഷ്ടിക്കുന്നത്.
റോഡിൽ വലിയതോതിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് സ്ലാബിന് പകരം ഇരുമ്പ് സ്ലാബുകളാണ് സ്ഥാപിച്ചിരുന്നത്. വെള്ളം റോഡിൽ കെട്ടിക്കിടക്കാതെ ഓടയിലേക്ക് ഇറങ്ങാനാണ് വിടവുകളുള്ള ഇത്തരം സ്ലാബുകൾ സ്ഥാപിക്കുന്നത്. ഇത്കോൺക്രീറ്റിൽ ഉറപ്പിച്ചിട്ടില്ല. അതിനാൽ കടത്താൻ മോഷ്ടാക്കൾക്ക് എളുപ്പമാണ്.
റോഡിന് വീതി കുറവായതിനാൽ ഈ ഇരുമ്പ് സ്ലാബുകൾക്ക് മുകളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ സ്ലാബ് മോഷണം പോയ ഭാഗങ്ങളിൽ ഓട തുറന്നു കിടക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളും കാറുകളും ഓടയിൽ വീഴാൻ സാദ്ധ്യതയുണ്ട്. ശങ്കർ നഗറിൽ ഓടയ്ക്ക് കുറുകെയും ഇരുമ്പ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ മോഷ്ടിക്കപ്പെട്ടാൽ ഇതുവഴിയുള്ള ഗതാഗതം മുറിയും. ഇവിടെ ഒന്നേകാൽ മീറ്റർ വരെയാണ് ഓടയുടെ ആഴം. കോർപ്പറേഷനിൽ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നഗരത്തിൽ മറ്റ് പലയിടങ്ങളിലും ഇത്തരത്തിൽ ഇരുമ്പ് സ്ലാബ് മോഷണം പോയിട്ടുണ്ട്.