df
കടവൂർ ജംഗ്ഷനിലെ ഗതാഗതകുരുക്ക്

കമ്പനിയുടെ ആളുകളെ വണ്ടിക്കാർ അവഗണിക്കുന്നു

കൊല്ലം: ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി​ കടവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്നു. പൊതുവെ വീതി കുറഞ്ഞ അഞ്ചാലുംമൂട് കൊല്ലം റോഡിൽ കടവൂരി​ലെ കുരുക്ക് മൂലം അപകടങ്ങളും പതി​വായി​.

ട്രാഫിക് നിയന്ത്രിക്കാൻ പുതിയ മേൽപ്പാലത്തിനു താഴെ നിർമ്മാണ കമ്പനി ആളെ നിറുത്തി​യി​ട്ടുണ്ട്. പക്ഷേ ഇത് ഫലപ്രദമല്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഇവരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നു. ചുരുക്കം ചില ദിവസങ്ങളിൽ പൊലീസ് ഇവിടെ ഗതാഗതം നിയന്ത്രിക്കാറുണ്ടെങ്കിലും വളരെ പാടുപെട്ടാണ് കുരുക്കഴിക്കുന്നത്. വൈകി​ട്ട് 4 മുതൽ 8 വരെ അതി​ രൂക്ഷമാണ് അവസ്ഥ.

പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര മതിലിൽ ജംഗ്ഷൻ വരെ നീളാറുണ്ട്. ആംബുലൻസും പൊലീസ് വാഹനങ്ങളുമെല്ലാം മണിക്കൂറുകൾ ഇവിടെ കുടുങ്ങിയി​ട്ടുണ്ട്. സി.കെ.പിയിലെ കുടുംബാരോഗ്യകേന്ദ്രം, അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തെ ആശുപത്രികളിലേക്കും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ആംബുലൻസുകളും കൂടുതലായും ഈ വഴിയാണ് ആശ്രയിക്കുന്നത്.

കണ്ടുനിന്നിട്ട് കാര്യമില്ല

 കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള റോഡിന്റെ ഭൂരിഭാഗവും നിർമ്മാണ കമ്പനി അടച്ചു

 കല്ലുംതാഴം, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആശ്രയം ഈ റോഡാണ്

 ചവറ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂടി ഇവിടേക്കെത്തുമ്പോൾ കുരുക്ക് രൂക്ഷമാകും

 നിർമ്മാണം പൂർത്തിയാകുന്നതു വരെ ആവശ്യത്തിന് ഹോംഗാർഡുകളെ നിയമിക്കണം

സ്ഥിതി വളരെ മോശമാണ്. ഗതാഗതക്കുരുക്ക് കടന്ന് പോകാൻ മണിക്കൂറുകൾ എടുക്കും. ഇത് നിയന്ത്രിക്കാൻ ആവശ്യത്തിന് ഹോംഗാർഡുകൾ ഇല്ലാത്തതാണ് സ്ഥിതി വഷളാക്കുന്നത്

ബി. പ്രശാന്ത്, ഒറ്റക്കൽ വാർഡംഗം