chavara-

ചവറ: മക്കൾ വിറകുപുരയിൽ ഉപേക്ഷിച്ച വൃദ്ധ ദമ്പതികൾക്ക് സഹായഹസ്തം നീട്ടി നാട്ടുകാരും കാരുണ്യസ്ഥാപനങ്ങളും. ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് പ്രമോദ് ഭവനിൽ ശശിധരൻ-പ്രഭാവതി ദമ്പതികൾക്കാണ് അഭയം ഒരുങ്ങിയത്.

ഒരുമാസത്തിലേറെയായി വീടിനോട് ചേർന്നുള്ള വിറകുപുരയിലാണ് ആരോഗ്യം ക്ഷയിച്ച പ്രഭാവതിയെ കിടത്തിയിരുന്നത്. ആരോഗ്യനില വഷളായ ഇവർ മലമൂത്ര വിസർജ്ജനം നടത്തിയിരുന്നതും അവിടെത്തന്നെയായിരുന്നു. ശശിധരന് വല്ലപ്പോഴും മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. അമ്മ വീടിനകത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നുവെന്ന് പറഞ്ഞാണ് മകൻ ക്രൂരകൃത്യം ചെയ്തത്.

ദിവസങ്ങളായി ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസിനെയും ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേശിനെയും വിളിച്ചുവരുത്തി. ഗണേശും സുഹൃത്തുക്കളായ ബാബുവും ശ്യാം ഷാജിയും പാസ്ക്കലും നാട്ടുകാരും ചേർന്ന് ദമ്പതികളെ വൃത്തിയാക്കി ഭക്ഷണം നൽകി.

പിന്നീട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി മക്കൾക്കെതിരെ പരാതി നൽകി. പൊലീസ് വിളിച്ചുവരുത്തിയ മകൻ, താനൊരു നിത്യരോഗിയാണെന്നും മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയില്ലെന്നും എഴുതി നൽകി. ഇതോടെ, എറണാകുളത്ത് താമസിക്കുന്ന മകളുടെ അറിവോടെ പ്രഭാവതിയെ വർക്കലയിലെ 'പുനർജനി അമ്മ വീടും' ശശിധരനെ മൈനാഗപ്പള്ളിയിലെ 'കർമ്മേൽ സ്നേഹനിലയ'വും ഏറ്റെടുത്തു.