photo
കരുനാഗപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക്

കരുനാഗപ്പള്ളി: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ടൗണിൽ കഴിഞ്ഞ ഒരു വർഷമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ടൗൺ ആരംഭിക്കുന്ന കരോട്ട് ജംഗ്ഷൻ മുതൽ വടക്കോട്ട് പുള്ളിമാൻ ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം പിന്നിടാൻ ഒരു മണിക്കൂറിലധികം സമയമെടുക്കുന്നത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.

ഫ്ലൈഓവർ നിർമ്മാണം മന്ദഗതിയിൽ

ഒരു വർഷമായി ടൗണിൽ നടക്കുന്ന ഫ്ലൈഓവർ നിർമ്മാണമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണപ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന ഈ ടൗണിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പണി പൂർത്തിയാക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന ഗതാഗത ക്കുരുക്ക് രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്.

ആശ്രയം തീരദേശ റോഡ്

ഗതാഗതക്കുരുക്ക് കാരണം മിക്ക യാത്രക്കാരും ഇപ്പോൾ ആലപ്പാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ റോഡിനെയാണ് ആശ്രയിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളിയുടെ ഹൃദയഭാഗമാണിത്. കിഴക്കൻ മലയോര, പടിഞ്ഞാറൻ തീരദേശ മേഖലകളിൽ നിന്നുള്ള നൂറിലധികം സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ഹൈവേ വികസനത്തിന്റെ ഭാഗമായി ടൗണിലെ റോഡിന്റെ ചില ഭാഗങ്ങൾ ഡിവൈഡർ വെച്ച് അടച്ചതും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു.

ടൗണിൽ ഇപ്പോൾ അടച്ചിരിക്കുന്ന ഭാഗം ഓണം വരെയെങ്കിലും തുറക്കണം. ദേശീയപാത വികസനത്തിന്റെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി ടൗണിലെ പണികൾ വേഗം പൂർത്തീകരിക്കണം.

നാട്ടുകാർ