കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 സുവർണവർഷങ്ങൾ പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് 23ന് കൊല്ലത്ത് ഉജ്ജ്വല സ്വീകരണവും സ്നേഹാദരവും നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളാപ്പള്ളി അമരത്ത് എത്തിയ ശേഷം യോഗത്തിനും ട്രസ്റ്റിനും ഉണ്ടായ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം മുന്നോട്ടുള്ള പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിനും ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിലും ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിലും സംയുക്തമായാണ് സ്നേഹാദരവ് സംഘടിപ്പിക്കുന്നത്.

രാവിലെ 10ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന ആദരവ് സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളി നടേശന് സ്നേഹാദരവ് മന്ത്രി സമർപ്പിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മേയർ ഹണി ബഞ്ചമിൻ, എംപ്ളോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, കോ-ഓഡിനേറ്റർ പി.വി.രജിമോൻ, സെക്രട്ടറി ഡോ. ആർ.വി.സുമേഷ്, റിട്ട.ടീച്ചേഴ്സ് കൗൺസിൽ ചെയർമാൻ പ്രൊഫ. വി.എസ്.ലീ, കൺവീനർ ഡോ. കെ.വി.സനൽകുമാർ, ആർ.ദിവ്യ, ജെ.ബിജു, നാവിൻ ഭാസ്കർ, ഡോ. ആർച്ച അരുൺ എന്നിവർ സംസാരിക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.

സംസ്ഥാനത്തെ വിവിധ ശ്രീനാരായണ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും സഹിതം രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകരായ യോഗം കൗൺസിലർ പി.സുന്ദരൻ, ഡോ. എസ്.വിഷ്ണു, പി.വി.രജിമോൻ, പ്രൊഫ. വി.എസ്. ലീ, ഡോ. മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.