കൊല്ലം: നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സെപ്തംബർ 10വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. 17 യു.ജി പ്രോഗ്രാമുകൾക്കും 12 പി.ജി പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങാം. ബി.എ പബ്ളിക് അഡ്മിനിസ്ട്രേഷൻ, എം.എസ്.ഡബ്ല്യു, എം.എസ്‌സി മാത്തമാറ്റിക്സ്, എം.ലിബ്, ബി.ലിബ്, ബി.എഡ്, ബി.എസ്‌സി മൾട്ടി മീഡിയ, റിസർച്ച് പ്രോഗ്രാമുകൾ എന്നിവയാണ് പുതിയ പ്രോഗ്രാമുകൾ. ജില്ലയിൽ നിലവിൽ ഫാത്തിമ മാതാ നാഷണൽ കോളേജും ടി.കെ.എം ആർട്സ് കോളേജുമാണ് പഠന കേന്ദ്രങ്ങൾ. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജും ഈ വർഷം പഠനകേന്ദ്രമായി മാറും. പത്രസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി.പ്രശാന്ത്, ഡോ. എം.ജയപ്രകാശ്, ജി.സുഗുണൻ, രജിസ്ട്രാർ ഡോ. എ.പി.സുനിത, ഡോ.സോഫിയ രാജൻ എന്നിവർ പങ്കെടുത്തു.