കൊല്ലം: പത്ത് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ പൊതുമേഖല ജനറൽ ഇൻഷ്വറൻസ് ഓഫീസുകളുടെ മുന്നിൽ 21ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇരുചക്ര വാഹനങ്ങളുടെ തേഡ് പാർട്ടി ക്ലെയിം വലിയ തോതിൽ വർദ്ധിപ്പിച്ച് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ ജനറൽ ടൂവീലർ ഇൻഷ്വറൻസ് പുതുക്കുന്നതിൽ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം പൊതുജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തി. റോഡിലിറങ്ങുന്ന വാഹനത്തിനും തേഡ് ഓരോ ഇൻഷ്വറൻസ് നിർബന്ധമാണെന്നിരിക്കെ കമ്പനികളുടെ ഇത്തരം നടപടികൾ അപ്രായോഗികമാണ്. സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന കാരണത്താൽ ഇൻഷ്വറൻസ് പുതുക്കൽ തടസപ്പെടുത്തുന്നതിന് പകരം കേന്ദ്ര സർക്കാരുമായി ആലോചിച്ച് മറ്റൊരു പരിഹാരം കണ്ടെത്തണം.15 വർഷം പഴക്കമുള്ള വാഹനങ്ങളുടെയും ട്രക്കുകളുടെയും കമ്പനികൾ ഇൻഷ്വറൻസ് പുതുക്കുന്നതിലെ പിന്നോട്ടുപോക്ക് എന്നിവയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങൾ.

ദീർഘകാല പോളിസികളുടെ കമ്മിഷൻ നൽകുന്നതിൽ വൈകിപ്പിക്കൽ, ആരോഗ്യ ഇൻഷ്വറൻസ് പോർട്ടബിലിറ്റി സമയത്ത് കമ്മിഷൻ നൽകാത്തത്, ക്ലെയിം ഹബുകളുടെ പ്രവർത്തനസമയം വർദ്ധിപ്പിക്കേണ്ടത്, ക്ലെയിം നൽകുമ്പോൾ ഉപഭോക്താവിന് സേവനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുക, സാമൂഹിക സുരക്ഷാ പദ്ധതികളില്ലാത്ത ഏജന്റ്മാർക്കായി ഗ്രാറ്റുവിറ്റി പോലുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നു.

കേന്ദ്ര ധനകാര്യ മന്ത്രി, ഐ.ആർ.ഡി.എ.ഐ, ജി.ഐ.പി.എസ്.എ, നാല് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുടെ മേധാവികൾ എന്നിവർക്ക് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന സമരപരിപാടികൾക്ക് സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.എ.സത്താർ, സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കൽ എന്നിവർ അറിയിച്ചു.