തൊടിയൂർ: മാലുമേൽ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് തൊടിയൂരിന് സമ്മാനിച്ചു. മികച്ച സാമൂഹിക പ്രവർത്തകർക്കായി നൽകുന്നതാണ് ഈ പുരസ്‌കാരം. ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിച്ചു. പൗരസമിതി പ്രസിഡന്റ് സജിത് കൃഷ്ണ അദ്ധ്യക്ഷനായി. സെക്രട്ടറി ഒ.ബി.ഉണ്ണിക്കണ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത രമേശും എസ്.എസ്.എൽ.സി വിജയികളെ പൗരസമിതി രക്ഷാധികാരി കെ.വി. വിജയനും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ വിജയം നേടിയവരെ പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ആർ. പാലവിളയും അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഹസൻ തൊടിയൂർ ആശംസയർപ്പിച്ചു. വനിതാവേദി പ്രസിഡന്റ് മായാദേവി നന്ദി പറഞ്ഞു.