anzar

കൊല്ലം: നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസറും നെടുമങ്ങാട് ഗവ. കോളേജിലെ കൊമേഴ്സ് പ്രൊഫസറുമായ ആയൂർ അമ്പലംകുന്ന് റഹ്മത്ത് നിവാസിൽ ഡോ. ആർ.എൻ.അൻസർ (47) നിര്യാതനായി. സെറിബ്രൽ ഹെമറേജ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.
മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ - സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഡിഗ്രി, പി.ജി പഠനത്തിൽ ക്രെഡിറ്റ് ലഭിക്കുന്ന തരത്തിൽ നാഷണൽ സർവീസ് സ്കീമിനെ തൊഴിൽ നൈപുണ്യ കോഴ്സാക്കുന്നതിൽ നേതൃപരമായ ഇടപെടൽ നടത്തിയിരുന്നു. ലഹരിവ്യാപനത്തിനെതിരായ ക്യാമ്പയിൻ ശക്തമാക്കിയിരുന്നു. എൻ.എസ്.എസ് വോളണ്ടിയർമാരെ സാക്ഷരതാ പ്രവർത്തനത്തിലും പങ്കാളികളാക്കി.
എൻ.എസ്.എസ് തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ, കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റിസർച്ച് ഗൈഡായിരുന്നു. 2021 മുതൽ എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസറാണ്. രണ്ടാഴ്ച മുമ്പ് കൊല്ലത്തെ സ്കൂളിൽ എൻ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: എസ്.അനീഷ (അസി. ജനറൽ മാനേജർ, കെ.എഫ്.സി, വെള്ളയിട്ടമ്പലം). മക്കൾ: ഫാത്തിമ പർസീൻ (പ്ലസ് വൺ), അംന അഫ്രീൻ (എട്ടാം ക്ലാസ്). കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.