ccc
കാരാളി മുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷൻ റോഡിന്റെ കുത്തനെയുള്ള ഇറക്കവും വശത്തായി യാത്രക്കാരുടെ കാഴ്ച മറക്കും വിധമുള്ള തട്ടുകടയും

പടിഞ്ഞാറേ കല്ലട: കാരാളിമുക്ക് , ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിലെ യാത്രാ ദുരിതത്തിന് അധികൃതർ പരിഹാരം കാണുന്നില്ലെന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. ചവറ, ഭരണിക്കാവ് സംസ്ഥാന പാതയിൽ കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡിന്റെ കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ് യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നത്. ദിനംപ്രതി 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയും വരികയും ചെയ്യുന്നത്. തിരക്കേറിയ സമയങ്ങളിൽ, കുത്തനെയുള്ള കയറ്റത്തിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുമ്പോൾ വാഹനങ്ങൾ പിന്നോട്ട് ഉരുണ്ട് അപകടമുണ്ടാകുന്നത് പതിവാണ്. വാഹനങ്ങൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിക്കുന്നതിനും യാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും പുറമെ ഇത് യാത്രക്കാർ തമ്മിലുള്ള തർക്കങ്ങൾക്കും വഴിവെക്കുന്നുണ്ട്. ചിലപ്പോൾ ഇത് പൊലീസ് കേസുകളിൽ വരെ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അധികൃത‌ർ ഈ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാരാളിമുക്ക് , റെയിൽവേ സ്റ്റേഷൻ റോഡിന്റെ കുത്തനെയുള്ള ഇറക്കം കുറച്ച് സംസ്ഥാനപാതയുടെ ലെവലിനൊപ്പം ഉയരം കൂട്ടണം. കൂടാതെ ഇതുവഴി ബസ് സർവീസ് തുടങ്ങത്തക്ക വിധം വശങ്ങളിൽ പാർശ്വഭിത്തി നിർമ്മിച്ച് നിലവിലെ വീതി വർദ്ധിപ്പിക്കണം. പ്രധാന പാതയിലേക്ക് കടക്കുന്ന വാഹന യാത്രക്കാരുടെ കാഴ്ച മറക്കും വിധം വശത്തായി ഇരിക്കുന്ന കാലപ്പഴക്കം ചെന്ന തട്ടുകട മാറ്റി സ്ഥാപിക്കുവാനും ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുവാനുമുള്ള നടപടി അധികൃതർ സ്വീകരിക്കണം . സജീവ് പരിശവിള,

റെയിൽവേ പാസഞ്ചേഴ്സ് അസോ.പ്രസിഡന്റ്

കാരാളി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിന് 2 കോടി രൂപ അനുവദിച്ചു. നവകേരള സദസിൽ കുന്നത്തൂർ മണ്ഡലത്തിലെ വികസന പദ്ധതികൾക്കായി 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ശാസ്താംകോട്ട തടാക സംരക്ഷണത്തിനും 2 കോടി രൂപ കാരാളിമുക്ക് ശാസ്താ കോട്ട റെയിൽവേ സ്റ്റേഷൻ റോഡ് വികസനത്തിനുമായിട്ടാണ് അനുവദിച്ചത്.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ