ship

കൊല്ലം: വിഴിഞ്ഞം പോർട്ട് സജീവമായതിന് പിന്നാലെ കപ്പൽ ഗതാഗതം ഉയർന്നതോടെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന മേഖലയായ കൊല്ലം പരപ്പ് ഭീതിയിൽ. യാത്രാദൂരം കുറയ്ക്കാനായി ഫീഡർ കപ്പലുകൾ തീരത്തോട് ചേർന്ന് സഞ്ചരിക്കുന്നതാണ് പ്രധാന പ്രശ്നം.

കഴിഞ്ഞയാഴ്ച ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ട് ഇടിച്ചുതകർത്ത വിദേശ കപ്പൽ നിറുത്താതെ പോയിരുന്നു. അതിന് രണ്ട് ദിവസം മുമ്പ് ബാർജിൽ കുരുങ്ങി ആഴീക്കലിലെ ബോട്ടിന്റെ വല നഷ്ടമായിരുന്നു. രണ്ട് അപകടങ്ങളും സംഭവിച്ചത് സന്ധ്യയ്ക്ക് ശേഷമാണ്. കപ്പലുകളിൽ കിലോമീറ്ററുകൾ അപ്പുറമുള്ള തടസങ്ങൾ കണ്ടെത്താൻ കഴിയുന്ന റഡാർ, ഓട്ടോമാറ്റിക് ഐ‌ഡന്റിഫിക്കേഷൻ സംവിധാനങ്ങളുണ്ട്.

എന്നാൽ മത്സ്യബന്ധന യാനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ബോട്ടുകൾ നിരന്തരം വല വിരിക്കുകയും വലിക്കുകയും ചെയ്യുന്നതിനാൽ കപ്പലുകൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ വഴിമാറി സഞ്ചരിക്കാൻ കഴിയില്ല.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊല്ലം പരപ്പിലൂടെ കൊച്ചി, മംഗലാപുരം, ഗുജറാത്ത്, മുംബയ്, സിംഗപ്പൂർ, കൊളംബോ പോർട്ടുകളിൽ നിന്ന് വിഴിഞ്ഞത്തേക്കും തിരിച്ചുമാണ് ഫീഡർ കപ്പലുകൾ പ്രധാനമായും സഞ്ചരിക്കുന്നത്.

ഗതാഗതം സാങ്കൽപ്പിക കപ്പൽചാലിൽ

ഫീ‌ഡ‌‌ർ കപ്പലുകൾ കൂടുതലായി യാത്രചെയ്യുന്നത് കൊല്ലം പരപ്പിലൂടെ

 തെക്കേ ഇന്ത്യയിൽ മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ള സമുദ്രമേഖല

 മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും അനുകൂലം

 അടത്തട്ടിലെ എക്കലും പാറക്കൂട്ടങ്ങളും ഏറ്റവും നല്ല സാഹചര്യം

 നോർവീജിയൻ ശാസ്ത്രജ്ഞനാണ് കൊല്ലം പരപ്പ് കണ്ടെത്തിയത്

 കന്യാകുമാരി മുതൽ ബേപ്പൂർ വരെയുള്ള പ്രദേശത്തെ യാനങ്ങൾ മത്സ്യബന്ധനം നടത്തുന്നു

അപകടങ്ങൾ രാത്രിയിൽ

 ദൂരം കുറയ്ക്കാൻ സുരക്ഷിതപാത തിരഞ്ഞെടുക്കുന്നില്ല
 മത്സ്യബന്ധന മേഖല ഒഴിവാക്കുന്നില്ല
 അപകടമുണ്ടായാൽ രക്ഷാപ്രവർത്തനമില്ല
 കൂടുതൽ അപകടം രാത്രികാലങ്ങളിൽ

കൊല്ലം പരപ്പ് വിസ്തൃതി

85

കിലോ മീറ്ററോളം

 വർക്കല മുതൽ അമ്പലപ്പുഴ വരെ

കപ്പലുകൾ തീരത്തോട് ചേർന്ന് സഞ്ചരിക്കുമ്പോൾ തടസങ്ങൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണം. അപകടമുണ്ടായാൽ നിറുത്താതെ പോകുന്ന രീതി ഒഴിവാക്കി രക്ഷാപ്രവർത്തനത്തിന് തയ്യാറാകണം. ഷിപ്പിംഗ് മന്ത്രാലയം കർശന ഇടപെടൽ നടത്തണം.

പീറ്റർ മത്യാസ്, സംസ്ഥാന പ്രസിഡന്റ്

ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ