ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ സംസാരിക്കുന്നു.
കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ട ഗതാഗത പരിഷ്കാരങ്ങൾക്ക് ട്രാഫിക് അഡ്വൈസറി കമ്മിറ്റി അന്തിമരൂപം നൽകി. സി.ആർ.മഹേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് , പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അഞ്ജലിഭാവന, സർക്കിൾ ഇൻസ്പെക്ടർ ബിജു , മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും: ഓണാഘോഷ കാലയളവിൽ 10 ദിവസത്തേക്ക് ലാലാജി ജംഗ്ഷൻ മുതൽ ആശുപത്രിമുക്ക് വരെയുള്ള ദേശീയപാതയുടെ നിർമ്മാണം നിർത്തിവെക്കാൻ വിശ്വസമുദ്ര കമ്പനിക്ക് നിർദ്ദേശം നൽകി.
ബോധവത്കരണം: ഓണവുമായി ബന്ധപ്പെട്ട ഗതാഗത നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആശുപത്രി ജംഗ്ഷൻ മുതൽ ലാലാജി മുക്കുവരെ തുടർച്ചയായി ബോധവത്കരണ അനൗൺസ്മെന്റുകൾ നടത്തും. പ്രധാന ജംഗ്ഷനുകളിൽ നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയ ബോക്സുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം: നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തും ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും സൗകര്യമൊരുക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
ഫ്ളൈ ഓവറിനടിയിൽ പാർക്കിംഗ്: ടൗണിലെ ഫ്ലൈഓവറിന്റെ അടിഭാഗത്ത് 10 ദിവസത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.