എഴുകോൺ : വീടിന്റെ ടെറസിൽ പത്ത് മണിച്ചെടി വളർത്തി തുടങ്ങിയ കൗതുകം ഗ്രാമ പഞ്ചായത്തിലെ മികച്ച ഉദ്യാന കർഷക എന്ന അംഗീകാരത്തിന് വഴി മാറുന്നതിന്റെ ആഹ്ലാദത്തിലാണ് എഴുകോൺ പോച്ചംകോണം തിരുവാതിരയിൽ സി.ജിജി. പത്ത് വർഷമായി ഉദ്യാനച്ചെടികളുടെ കൃഷിയിലും പരിപാലനത്തിലുമാണ് ഈ വീട്ടമ്മ.
കുട്ടിക്കാലം മുതൽ ചെടികളോടും പൂക്കളോടും താത്പര്യം ഉണ്ടായിരുന്നു. തുടക്കത്തിൽ പൂക്കളോടുള്ള ഇഷ്ടത്തിലാണ് ചെടികൾ വളർത്താൻ തുടങ്ങിയത്. കൃഷി സംബന്ധമായ പ്രസിദ്ധീകരണങ്ങളുടെ വായനയിലൂടെ 150 ൽ പരം ഇനങ്ങളിലുള്ള പത്ത് മണിച്ചെടികൾ കണ്ടെത്തി. ജിജിയുടെ ടെറസിനെ അലങ്കരിച്ച പത്ത് മണി ചെടികളുടെ വർണ്ണ വൈവിദ്ധ്യത്തിൽ ആകൃഷ്ടരായി ആവശ്യക്കാർ എത്തിയതോടെ ഉദ്യാന കൃഷിയെ ഒരു സ്വയം തൊഴിൽ സംരംഭമാക്കി മാറ്റി.
ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടർന്ന് അടുത്തുള്ള ഒരു വീടിന്റെ മുറ്റവും ടെറസും വാടകയ്ക്ക് എടുത്ത് ഗ്രോ ബാഗിലും മറ്റും ചെടികൾ വളർത്തി വിൽക്കാൻ തുടങ്ങി. ഓർക്കിഡ്, ആന്തൂറിയം, അഡീനിയം തുടങ്ങിയ ഉദ്യാന ചെടികളുടെ വിപുലമായ കൃഷിയും തുടങ്ങി. ഓർക്കിഡാണ് ജിജിയുടെ ഉദ്യാനത്തിൽ മുഖ്യം. ലോകോത്തരങ്ങളായ 200 ൽ പരം വൈവിദ്ധ്യങ്ങൾ തോട്ടത്തിലുണ്ട്. പരിപാലിക്കാൻ എളുപ്പമുള്ളതും മനോഹരമായ പൂക്കളോട് കൂടിയതുമായ ഡെൻഡ്രോബിയം ഇനത്തിനാണ് ആവശ്യക്കാർ ഏറെ. മുന്തിയ ഇനത്തിൽ പെട്ട വാന്റ, മുക്കാറ, ഫെലനോസിസ് തുടങ്ങിയവയുടെ പൂവോട് കൂടിയ ചെടികൾക്കും തൈകൾക്കും ആവശ്യക്കാരുണ്ട്. കൂടുതലും ഓൺ ലൈൻ വിൽപ്പനയാണ്. അമ്പലത്തുംകാലയിൽ അടുത്തിടെ വിപണന കേന്ദ്രവും തുടങ്ങി.
വീടിനോട് ചേർന്നുള്ള പത്ത് സെന്റിൽ തന്നെ പോളി ഹൗസ് തയ്യാറാക്കിയാണ് ചെടികൾ തയ്യാറാക്കി പരിപാലിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ജിജി പുരസ്കാരം ഏറ്റുവാങ്ങി.
ഭർത്താവ് രജികുമാർ .മക്കൾ: നന്ദു, നിഥിന.