കൊല്ലം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. മുഖത്തല ശ്രീജിത്ത് ഭവനത്തിൽ ശ്രീജിത്താണ് (27, ശ്രീക്കുട്ടൻ) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കുറുമണ്ണ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കഴിഞ്ഞ 13നായിരുന്നു സംഭവം. പ്രതിയും ആക്രമണത്തിന് ഇരയായ യുവാവും ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ പ്രതിക്ക് ഇവിടുത്തെ ജോലി നഷ്ടമായി. ഇതിന് കാരണം യുവാവാണെന്ന് ആരോപിച്ചാണ് വീട്ടിൽ കയറി ആക്രമിച്ചത്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, സി.പി.ഒമാരായ പ്രവീൺചന്ദ്, സന്തോഷ് ലാൽ, സുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.