കൊല്ലം: തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്റ്റേഡിയം വാർഡ് മെമ്പറുമായ അജ്മീൻ.എം കരുവയെ മർദ്ദിച്ചതായി പരാതി. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടെ, വോട്ടർ പട്ടികയുടെ ഹിയറിംഗിനായി എത്തിയ കരുവ സ്വദേശി മുഖത്ത് ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
ആക്രമണത്തിൽ നിന്ന് അജ്മീനിനെ രക്ഷിക്കാൻ ശ്രമിച്ചയയാളുടെ തള്ളവിരൽ കടിച്ചുമുറിച്ചതായും ആരോപണമുണ്ട്. അക്രമത്തിനിടെ പഞ്ചായത്ത് ജീവനക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടു. അജ്മീനും പഞ്ചായത്തും നൽകിയ പ്രത്യേകം പരാതികളിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.