കൊല്ലം: അപരിചിതനായ ആൾ ഏഴ് വയസുകാരിയോട് മോശമായി സംസാരിച്ചെന്ന് ആരോപണം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയും അമ്മയും പോളയത്തോടുള്ള കടയിൽ ഫ്രൂട്ട്സ് വാങ്ങാൻ എത്തിയതായിരുന്നു. ഇവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയോട് ആദ്യം സംസാരിക്കുന്നത്. തുടർന്ന് പെൺകുട്ടിയും അമ്മയും പോളയത്തോട്ടെ ബാങ്കിലെത്തി. ഇവിടെ വച്ച് പെൺകുട്ടിയുടെ കൈയിൽ ബലമായി പിടിച്ച് തന്റെ അടുത്തിരുത്തി അശ്ലീലച്ചുവയോടെ സംസാരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മ ശിശുക്ഷേമ സമിതി സെക്രട്ടറിക്ക് പരാതി നൽകി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, എക്സി. കമ്മിറ്റി അംഗം ആർ.മനോജ് എന്നിവർ കുട്ടിയുടെ വീട്ടിൽ ചെന്ന് കുട്ടിയെ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.
ശേഷം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും കളക്ടറെ വിവരം അറിയിക്കുകയും ചെയ്തു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ശിശുക്ഷേമ സമിതി അധികൃതർ ആവശ്യപ്പെട്ടു.