dd
arippa

കുളത്തൂപ്പുഴ : അരിപ്പയിലെ ഭൂരഹിതരുടെ സമരം 14 വർഷം പിന്നിടുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 297 പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾ 40 ഏക്കർ സർക്കാർ ഭൂമിയിൽ തുടങ്ങിയ സമരമാണിത്. നിരവധി ചർച്ചകൾ നടന്നിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. ദുരിതപൂർണമായ ജീവിതം കാരണം സമരക്കാർ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. സർക്കാരിന്റെ ആനുകൂല്യങ്ങൾ വാങ്ങി സമരം അവസാനിപ്പിക്കാൻ തയ്യാറായ നൂറിലധികം കുടുംബങ്ങൾ ഇപ്പോൾ സമരത്തിൽ നിന്ന് പിന്മാറി. എന്നാൽ, ഭൂരഹിതർക്ക് അർഹമായ നീതി ലഭിക്കണമെന്ന് ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെടുന്നു.

പുതിയ ആവശ്യങ്ങളും ച‌ർച്ചയും

ഇന്നലെ പി.എസ്. സുപാൽ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി. പിന്നീട് രണ്ട് സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ ഒരു വിഭാഗം ഒത്തുതീർപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാൽ, മറുവിഭാഗം തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പട്ടികജാതി ജനറൽ വിഭാഗങ്ങൾക്ക് 25 സെന്റും, പട്ടികവർഗ്ഗക്കാർക്ക് 50 സെന്റും ഭൂമി അരിപ്പയിൽ തന്നെ നൽകണം എന്നതാണ് അവരുടെ ആവശ്യം. ഈ നിലപാട് സർക്കാരിനെ അറിയിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

ചർച്ചയിൽ പുനലൂർ തഹസിൽദാർ സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽകുമാർ, ഭൂസമരനേതാവ് ശ്രീരാമൻ കൊയ്യോൻ, സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി വിശ്വസേനൻ, കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി, വൈസ് പ്രസിഡന്റ് ടി.തുഷാര എന്നിവരും മറ്റ് പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.