4.5 കോടിയുടെ നവീകരണവുമായി കോർപ്പറേഷൻ
കൊല്ലം: പകർച്ചവ്യാധികളുടെ കേന്ദ്രവും ദുർഗന്ധപൂരിതവുമായ, നഗരത്തിലെ ജലാശയങ്ങൾ വൃത്തിയാക്കി സംരക്ഷിക്കാൻ കോർപ്പറേഷൻ. അമൃത് പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ 25 കുളങ്ങൾക്കാണ് സംരക്ഷണമൊരുക്കുന്നത്. നാലര കോടിയാണ് ഇതിനായി ചെലവാക്കുന്നത്.
കൊച്ചുകുളം (കോളജ് ഡിവിഷൻ), മഠത്തിൽകുളം (കുരീപ്പുഴ പടിഞ്ഞാറ്), മൂലോട്ട്കുളം (പുന്തലത്താഴം), പുതുവീട്ടിൽ കുളം (അഞ്ചാലുംമൂട്), കൊട്ടാരക്കുളം (കച്ചേരി), പുള്ളിയിൽകുളം (കന്നിമേൽ), കണ്ണങ്കുളം (ആലാട്ടുകാവ്), കല്ലുകുളം (തങ്കശേരി), ചിമരക്കുളം, പണിക്കരുകുളം (മണക്കാട്), പഞ്ചായത്ത് കുളം (പള്ളിമുക്ക്), കുന്നടികുളം, ഓലയിൽ കുളം (തേവള്ളി), ചിറക്കരക്കുളം (മതിലിൽ), ചാലിൽ കുളം (നീരാവിൽ), മാമൂട്ടിൽകടവ് കുളം (കുരീപ്പുഴ കിഴക്ക്), ഇടമനക്കാവ് കുളം (മീനത്ത് ചേരി) എന്നിവയുടെ നവീകരണമാണ് നടക്കാനുള്ളത്.
നവീകരണത്തെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ച മങ്ങാട് ഡിവിഷനിലെ ചിറയിൽകുളം, താമരക്കുളം ഡിവിഷനിലെ താമരക്കുളം, അയത്തിൽ ഡിവിഷനിലെ മുന്നണിക്കുളം, ചാത്തിനാംകുളം ഡിവിഷനിലെ ഫാത്തിമകുളം, മീനത്തുച്ചേരി ഡിവിഷനിലെ വിളയിൽകുളം, എഴുത്തിൽമുക്ക് ഡിവിഷനിലെ എഴുത്തിൽകുളം എന്നിവയെയും രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി പദ്ധതിയിൽ ഉൾപ്പെടുത്തി. ഡിവിഷൻ കൗൺസിലർമാരിൽ നിന്ന് കുളങ്ങളുടെ തൽസ്ഥിതി വിലയിരുത്തിയ ശേഷമാണ് അന്തിമപട്ടിക തയ്യാറാക്കുന്നത്. ഓരോ കുളങ്ങളുടെയും സവിശേഷത അനുസരിച്ചാവും നിർമ്മാണ പ്രവർത്തനങ്ങൾ. നവീകരിച്ച കുളങ്ങളുടെ സംരക്ഷണ മേൽനോട്ട ചുമതല കോർപ്പറേഷൻ നിർവഹിക്കും.
ചെളി നീക്കി മതിൽ കെട്ടും
സ്വാഭാവികമായ നീരൊഴുക്ക് നിലനിറുത്തും
ജലത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും
ചെളിയും മാലിന്യങ്ങളും പൂർണമായും നീക്കും
കുളത്തിന് ചുറ്റുമുള്ള കാടും പാഴ്‌മരങ്ങളും വെട്ടിമാറ്റും
വശങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടും
പടിക്കെട്ടുകൾ ഉറപ്പുള്ളതാക്കും, ഇന്റർലോക്ക് പാകും
മാലിന്യം വലിച്ചെറിയൽ തടയാൻ ഉയരമുള്ള ഫെൻസിംഗ്
ചുറ്റും പൂച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണം
മുൻപ് ഉപയോഗിച്ചിരുന്നതും കാട് വളർന്നും പടികളും തിട്ടകളും പൊട്ടിപ്പൊളിഞ്ഞതുമായ ഒരു സെന്റ് മുതൽ ഒരേക്കർവരെ വരുന്ന കുളങ്ങൾക്കാണ് പ്രഥമ പരിഗണന. 4.65 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. ജലസ്രോതസുകളുടെ വീണ്ടെടുപ്പിനും സുസ്ഥിര ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും തുടർ നടപടികൾ ഉണ്ടാവും
ഹണി ബെഞ്ചമിൻ , മേയർ