photo
കരുനാഗപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ കളക്ടറുടെ സ്‌ക്വാഡ് പരിശോധന നടത്തുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ കളക്ടറുടെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഓണത്തിന്റെ മുന്നോടിയായിട്ടായിരുന്നു പരിശോധന. വിലവിവരം പ്രദർശിപ്പിക്കാത്ത വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും അംഗീകാരം ഇല്ലാത്ത ത്രാസ് ഉപയോഗിച്ചതിന് പിഴ ഈടാക്കുകയും ത്രാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. പലവ്യഞ്ജന, പച്ചക്കറി, പഴം വ്യാപരികൾ വിലവിവരം പ്രദർശിപ്പിക്കണമെന്നും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക് സപ്ലൈ ഓഫീസർ പി.സി.അനിൽ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ സാദത്ത്, ഭക്ഷ്യ സുരക്ഷാ ഓഫീസർ സീന, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അൻ സീന റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.