കൊല്ലം: കൊല്ലം സ്വദേശിനിയായ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ഡോൺ ബോസ്‌കോ നഗർ 78ൽ കടപ്പുറം പുറമ്പോക്ക് വീട്ടിൽ ജോസ് നികേഷാണ് (37) പിടിയിലായത്.

യുവതിയുമായി സൗഹൃദത്തിലായിരുന്ന പ്രതി ഇവർ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു. പിന്നീട് യുവതി ഇയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാതെ വന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ യുവതിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും വഴങ്ങിയില്ലെങ്കിൽ ഇവ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി. മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെ യുവതി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചു.

കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി എ.നസീറിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദകുമാർ, എ.എസ്.ഐ ജയകുമാരി, സി.പി.ഒമാരായ റീജ, അബ്ദുൾ ഹബീബ്, രാഹുൽ കബൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.