photo
പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കുളളിൽ കുടുസു വിശ്രമ കേന്ദ്രത്ത് പുറത്തെ യാർഡിൽ ബസ് കയറാൻ നിൽക്കുന്ന യാത്രക്കാർ

പത്തനാപുരം: കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ യാത്രാദുരിതം തുടരുന്നു. മന്ത്രിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഡിപ്പോയായിട്ടും യാത്രക്കാർക്ക് ആവശ്യത്തിന് ഇരിപ്പിടങ്ങളോ വിശ്രമിക്കാനുള്ള സൗകര്യങ്ങളോ ഇല്ലെന്നാണ് പ്രധാന പരാതി. സ്ത്രീകൾ, വിദ്യാർത്ഥികൾ, വയോധികർ എന്നിവർ ഏറെ ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥയിൽ യാത്രക്കാർക്ക് ഇരിക്കാൻ പത്ത് കസേരകൾ മാത്രമുള്ള ഒരു ചെറിയ മുറിയാണ് ആശ്രയം. സ്കൂൾ വിട്ട് വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്നു. കൂടാതെ, യാർഡിന് സ്ഥലസൗകര്യം കുറവായതിനാൽ ബസുകൾ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും യാത്രക്കാർ ഓടിമാറേണ്ടി വരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പല യാത്രക്കാരുടെയും കാൽ യാർഡിൽ തട്ടി വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അവഗണനയിൽ പ്രതിഷേധം

പത്തനാപുരത്തെ മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയപ്പോഴും ബസ് ഡിപ്പോയോടുള്ള അധികൃതരുടെ അവഗണനയിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. മറ്റ് ഡിപ്പോകളിൽ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് വിശ്രമകേന്ദ്രങ്ങളും ഇരിപ്പിടങ്ങളും പണിതിട്ടുണ്ടെങ്കിലും പത്തനാപുരത്ത് ഈ സ്ഥിതിക്ക് മാറ്റമില്ല. അന്തർ സംസ്ഥാന ബസുകൾ വരെ സർവീസ് നടത്തുന്ന ഈ ഡിപ്പോയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.