കൊല്ലം: ദേശീയപാത 183ന്റെ വികസന പദ്ധതിക്ക് അംഗീകാരം നൽകണമെന്നും കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ കടവൂർ വരെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഭരണികാവ് മുതൽ ടൈറ്റാനിയം ജംഗ്ഷൻ വരെ പുതിയ ദേശീയപാത 183 എ യ്ക്ക് അംഗീകാരം നൽകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

ദേശീയപാത 183 ന്റെ വികസന പദ്ധതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. എന്നാൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല. അലൈൻമെന്റ് തയ്യാറാക്കിയപ്പോൾ കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ കടവൂർ വരെയുള്ള ഭാഗം ഒഴിവാക്കിയിരുന്നു. ഈ റോഡിൽ വലിയ ഗതാഗത തിരക്കാണുള്ളത്. അതിനാൽ ഈ റോഡ് കൂടി ഉൾപ്പെടുത്തി വികസന പദ്ധതിക്ക് അടിയന്തര അംഗീകാരം നൽകണം.

ഭരണിക്കാവ് മുതൽ ടൈറ്റാനിയം ജംഗ്ഷൻ വരെ ദേശീയപാത 183 എ ആയി പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശവും മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ട് ദേശീയപാത 183ന്റെ സമഗ്രവികസനവും 183എ യുടെ വികസനവും സാദ്ധ്യമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.