കൊല്ലം: വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് മൊഴി നൽകാൻ അസി. കമ്മിഷണറുടെ ഓഫീസിലെത്തിയ യുവതിയുടെ കാറിന്റെ ടയർ കുത്തിക്കീറി നശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. എ.സി.പിയുടെ ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന അഞ്ചൽ സ്വദേശിനിയുടെ കാറിന്റെ ടയറാണ് നശിപ്പിച്ചത്.
കഴിഞ്ഞ 17ന് രാത്രി 8.30 ഓടെ മുമ്പ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന യുവാവിന്റെ സുഹൃത്തുകൾ യുവതിയുടെ വീട്ടിലെത്തുകയും കാണാത്തതിനെ തുടർന്ന് അയൽകാരോട് യുവതിക്കെതിരെ ഭീഷണി മുഴക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി എ.സി.പിക്ക് പരാതി നൽകി. ഇതേക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ചപ്പോഴാണ് കാറിന്റെ വലത് വശത്തെ ടയർ നശിപ്പിച്ചത്. തുടർന്ന് യുവതി ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.