കൊല്ലം: കശുഅണ്ടി തല്ലലിന്റെ താളം മുഴങ്ങിയിരുന്നിടത്ത് നാടൻ പാട്ടും കൈകൊട്ടിക്കളിയും, പീലിംഗും ഗ്രേഡിംഗും നടന്നിടത്ത് തിരുവാതിരയും കസേരകളിയും. അത്തപ്പൂക്കളമിട്ട് സുന്ദരിക്ക് പൊട്ടും കുത്തി കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ ഓണാഘോഷത്തിന് തുടക്കമായി.
ചരിത്രത്തിലാദ്യമായാണ് കശുഅണ്ടി ഫാക്ടറികളിൽ തൊഴിലാളികൾക്കായി കോർപ്പറേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം പാരിപ്പള്ളി ഫാക്ടറിയിൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. ഘോഷയാത്രയോടെ ആയിരുന്നു തുടക്കം. ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് എന്നിങ്ങനെ മൂന്ന് ടീമായി തിരിഞ്ഞ് തൊഴിലാളികൾ അത്തപ്പൂക്കളം, കൈകൊട്ടിക്കളി, തിരുവാതിര, കസേരകളി, പ്രച്ഛന്നവേഷം, വടംവലി, സുന്ദരിക്ക് പൊട്ടിടീൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓണസദ്യയും ഒരുക്കിയിരുന്നു.
കുടുംബസമേതം ആഘോഷം
മിക്ക തൊഴിലാളികളും കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുത്തത്. സമഭാവനയുടെ സന്ദേശം പകരുന്ന ഓണത്തിന് തൊഴിലാളികൾക്ക് ആഘോഷത്തിന് അവസരം ഒരുക്കിയ ചെയർമാനെ അവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ, ഫാക്ടറി മാനേജർ ജെ.എസ്.ബിന്ദു, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ രഘുനാഥൻ (സി.ഐ.ടി.യു), പാരിപ്പള്ളി ശ്രീകുമാർ (എ.ഐ.ടി.യു.സി), പ്രകാശ് (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു.
ആകെ ഫാക്ടറികൾ-30
ഉദ്ഘാടനം നടന്ന ഫാക്ടറികൾ- ചിറ്റുമല, പാരിപ്പള്ളി
മറ്റിടങ്ങളിൽ-സെപ്തംബർ 2 വരെ