കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ദേശീയപാതയോരത്ത്, ശിഖരങ്ങൾ വെട്ടിമാറ്റിയ ആൽമരം വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഭീഷണിയാകുന്നു.
പടർന്ന് പന്തലിച്ച് പ്രദേശമാകെ തണൽ നൽകിയിരുന്ന മരം പിന്നീട് പല തവണയായി ശിഖരങ്ങൾ ഒടിഞ്ഞ് നശിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാളുടെ മരണത്തിന് കാരണമായ വലിയ അപകടവുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനും നാശനഷ്ടമുണ്ടായി. ഇതിന് ശേഷം ആൽമരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിയൊതുക്കുകയായിരുന്നു.
ആൽമരത്തിന്റെ ശിഖരങ്ങൾ കോതിയൊതുക്കിയതോടെ അപകട സാദ്ധ്യതകൾ അകന്നുവെന്നാണ് നാട്ടുകാർ കരുതിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ തടിയിൽ പൊട്ടലുണ്ടായി. ഉണങ്ങിയ ഭാഗത്തിന്റെ താഴേക്കുള്ള വേര് പൊട്ടിമാറിയതോടെ കനമുള്ള തടി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. എപ്പോഴും ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ഭാഗം. ലെവൽ ക്രോസ് അടയ്ക്കുമ്പോൾ ആളുകൾ ഒതുങ്ങി നിൽക്കുന്ന ഭാഗം കൂടിയാണ് ഇവിടം.
മുറിച്ച് നീക്കണം
എസ്.എൻ കോളേജ് ജംഗ്ഷനിലെ രണ്ട് ആൽമരങ്ങളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇവ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്കും പ്രദേശത്തുകാർ പരാതി നൽകി. ക്ഷേത്ര ഭാരവാഹികളും പരാതി നൽകിയിട്ടുണ്ട്.
ഏറെ പഴക്കമുള്ള ആൽമരമാണ്. ശിഖരങ്ങളില്ലാതെ ഈ ചുവടുതടി മാത്രം ഇവിടെ നിറുത്തുന്നത് എന്തിനാണ്? ഇപ്പോൾ തീർത്തും അപകടാവസ്ഥയിലുമാണ്. അധികൃതർ അടിയന്തിരമായി ഇടപെടണം, മരം മൂടോടെ മുറിച്ചുനീക്കണം
ഷേർലി അജയൻ, ടെയ്ലർ, കോളേജ് ജംഗ്ഷൻ