കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും കേരളകൗമുദിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സാഹിത്യ മത്സരങ്ങൾ നടത്തും.
ഉപന്യാസ മത്സരത്തിൽ ശ്രീനാരായണഗുരുവും വിദ്യാഭ്യാസ ദർശനവും (സ്കൂൾ വിഭാഗം), സ്ത്രീ സ്വാതന്ത്ര്യവും സാമൂഹ്യ പുരോഗതിയും ഗുരുവിന്റെ വീക്ഷണത്തിൽ (കോളേജ് വിഭാഗം), കുമാരനാശാൻ കൃതികളിലെ പ്രപഞ്ച സ്‌നേഹവും ധാർമ്മികതയും (വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ), സവർണ മേൽക്കോയ്മയും ജാതി വിവേചനവും അന്നും ഇന്നും (പൊതുവിഭാഗം) എന്നിവയാണ് വിഷയം.
ഫുൾസ്‌കാപ്പ് പേപ്പറിന്റെ 10 പേജിൽ കവിയാത്ത സൃഷ്ടികൾ 30ന് മുമ്പ് ലഭിക്കണം. വിലാസം: പട്ടത്താനം സുനിൽ, വത്സല നിവാസ്, ശ്രീനഗർ 25, പട്ടത്താനം പി.ഒ, കൊല്ലം 21. ഫോൺ: 9847747771. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിലും എത്തിക്കാം. ഫോൺ: 04742746196
സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജീവനക്കാർ, പൊതുവിഭാഗത്തിൽപ്പെട്ടവർക്കുളള മറ്റ് മത്സരങ്ങൾ: ക്വിസ്, പ്രസംഗം, കഥാരചന, കവിതാരചന, ചിത്രരചന. സ്‌കൂൾ തലത്തിൽ ദൈവദശകം ആലാപനം (സിംഗിൾ), കോളേജ് തലത്തിൽ കുമാരാനാശാന്റെ ദുരവസ്ഥ എന്ന കവിതയിലെ 'അങ്ങടുത്തായ് മേഞ്ഞു നിറം മങ്ങി പതിഞ്ഞ പാഴ് പുല്ലുമാടം' എന്നു തുടങ്ങി 'ഹാ! ഹിന്ദുധർമ്മമേ ജാതി മൂലം' വരെ ആലാപനം (സിംഗിൾ) എന്നിവ 30ന് രാവിലെ 9 മുതൽ കൊല്ലം ശ്രീനാരായണ വനിത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രാവിലെ 9 ന് മുമ്പ് കോളേജിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അറിയിച്ചു.