കുന്നത്തൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൈനികനായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. ഇടയ്ക്കാട് തെക്ക് കലതിവിള ജംഗ്ഷന് സമീപം തടത്തിൽ വീട്ടിൽ സുരേന്ദ്രന്റെയും സുധയുടെയും മകൻ എസ്.നിഖിലാണ് (27) മരിച്ചത്. വരുന്ന 25ന് വിവാഹം നടക്കാനിരുന്നതാണ്.
സേവ് ദി ഡെയ്റ്റിന്റെ ഫോട്ടോ ഷൂട്ട് കഴിഞ്ഞെത്തിയ ശേഷം കഴിഞ്ഞ ദിവസം സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ വീണ്ടും നേരിട്ടെത്തി വിവാഹം ക്ഷണിച്ചിരുന്നു. ഇതിനു ശേഷം വീട്ടിലെത്തി മുറിയിൽ ഉറങ്ങാൻ കിടന്നതാണ്. പന്തൽ നിർമ്മാണവും മറ്റും നടക്കുന്നതിനാൽ ധാരാളം തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു.ഇതിനിടയിൽ പ്രതിശ്രുത വധു വിളിച്ചിട്ടും സന്ദേശം അയച്ചിട്ടും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തിനെ വിവരം അറിയിച്ചു. സുഹൃത്ത് വീട്ടിലെത്തി അന്വേഷിച്ചപ്പോൾ ഉറങ്ങുകയാണെന്ന് വീട്ടുകാർ പറഞ്ഞതിനെ തുടർന്ന് മടങ്ങി.
വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. സഹോദരങ്ങൾ: എസ്.നിതിൻ (പോരുവഴി പഞ്ചായത്ത് ഓഫീസ്), മേള (പി.എച്ച്.സി, മെഴുവേലി).