ഓച്ചിറ: ബി.ജെ. പി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ.ആർ. സജിലാൽ അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഷ്പക്ഷമായും നീതിപൂർവവും പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ബഹുജന സംഘടനയെ പോലെയായി മാറിയിരിക്കുകയാണ്.
രാജ്യത്ത് പലയിടത്തും വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ മറ്റ് ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരുടെ വോട്ട് കൂട്ടത്തോടെ ചേർത്തത് അന്വേഷണ വിധേയമാക്കണം.
ഭരണഘടനയെ സംരക്ഷിക്കാം , മതേതരത്വം സംരക്ഷിക്കാം എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ യുവ സംഗമം പരിപാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ.നിധിൻ രാജ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ, ആർ.ശരവണൻ, അഡ്വ.അനന്തു എസ്.പോർച്ചയിൽ, എസ്. ഗീതാ കുമാരി, കൃഷ്ണ ദേവരാജ്, രമ്യ രാജേഷ് എന്നിവർ സംസാരിച്ചു.