പടിഞ്ഞാറെ കല്ലട: അര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പ്രശസ്തമായ കല്ലട ജലോത്സവം നടക്കുന്ന പടിഞ്ഞാറെ കല്ലടയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ. വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിൽ ഒരു സ്ഥിരം പവലിയനും കല്ലടയാറിന്റെ തീരത്തുകൂടി ഒരു വാക്ക്‌വേയും നിർമ്മിക്കണമെന്നാണ് പ്രധാന ആവശ്യം. എല്ലാ വർഷവും വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് വള്ളംകളി കാണാൻ പടിഞ്ഞാറെ കല്ലടയിലേക്കും മൺട്രോത്തുരുത്തിലേക്കും എത്തുന്നത്. എന്നാൽ ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ആധുനിക വാക്ക്‌വേ
വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഫിനിഷിംഗ് പോയിന്റ് വരെ കല്ലടയാറിന്റെ തീരത്ത് ഒരു ആധുനിക വാക്ക്‌വേ നിർമ്മിക്കുന്നത് ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റും. കുറഞ്ഞത് മൂന്ന് മീറ്റർ വീതിയിൽ തീരം പാറക്കെട്ടി സംരക്ഷിച്ച്, കോൺക്രീറ്റ് തൂണുകളിൽ സ്ലാബുകൾ പാകിയാണ് ഇത് നിർമ്മിക്കേണ്ടത്. സുരക്ഷയ്ക്കായി വശങ്ങളിൽ സംരക്ഷണ വേലിയും ആവശ്യമാണ്. ഈ വാക്ക്‌വേയോടുകൂടി പൊതുജനങ്ങൾക്ക് നടക്കാനുള്ള സൗകര്യങ്ങൾ, ഇരിക്കാൻ ബെഞ്ചുകൾ, തണൽ മരങ്ങൾ, ചെടികൾ, ആവശ്യത്തിന് ലൈറ്റുകൾ, സുരക്ഷാ ക്യാമറകൾ, വൈഫൈ സൗകര്യം, ലഘുഭക്ഷണ ശാലകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം. ഈ സൗകര്യങ്ങൾ നാട്ടുകാർക്ക് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതിനൊപ്പം വിനോദസഞ്ചാരികളെയും ആകർഷിക്കും.
പുതിയ സാദ്ധ്യതകൾ, പുതിയ വരുമാനം
വാക്ക്‌വേയോട് ചേർന്ന് ഹൗസ് ബോട്ടുകൾ, ശിക്കാരി ബോട്ടുകൾ, വള്ളങ്ങൾ എന്നിവയിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കിയാൽ പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പഞ്ചായത്തിനും ജനങ്ങൾക്കും ഒരുപോലെ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാധിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിൽ ഒരു സ്ഥിരം പവലിയനും ഒരു വാക്ക് വേയും നിർമ്മിക്കണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ഫണ്ട് വകയിരുത്തുവാൻ ജനപ്രതിനിധികളും അധികൃതരും മുൻകൈയെടുക്കണം.
എസ് .ജയസേനൻ
(റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ )
തെക്കേത്തറയിൽ പടി :കല്ലട