കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് നൽകിയ സ്നേഹാദരം പങ്കാളിത്തം കൊണ്ടും സംഘാടന മികവും കൊണ്ടും പ്രൗഢഗംഭീരമായി.
പ്രതീക്ഷിച്ചത് പോലെ സ്നേഹദരവ് ചടങ്ങ് നടന്ന കൊല്ലം ടൗൺ ഹാൾ നിറഞ്ഞുകവിഞ്ഞു. വലിയൊരുവിഭാഗമാളുകൾ ഹാളിന് പുറത്ത് ക്രമീകരിച്ചിരുന്ന ഹാളിൽ സജ്ജമാക്കിയിരുന്ന സ്ക്രീനിലാണ് ചടങ്ങ് വീക്ഷിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ശ്രീനാരായണ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും പുറമേ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവർത്തകരുമടക്കം രണ്ടായിരത്തിലേറെപ്പേർ ചടങ്ങിന് സാക്ഷിയായി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സംഘാടകർ വെള്ളാപ്പള്ളി നടേശനെയും സഹധർമ്മിണി പ്രതി നടേശനെയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും സ്വീകരിച്ചത്.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകി. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ബിജു, സംസ്ഥാന ജോ. സെക്രട്ടറി നവീൻ ഭാസ്കർ, പ്രോഗ്രാം കൺവീനർ ആർ.ദിവ്യ, ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന കൺവീനർ ഡോ. കെ.വി.സനൽകുമാർ, എസ്.ആർ.സി കൊല്ലം റീജിയൺ പ്രസിഡന്റ് ഡോ.ആർച്ച അരുൺ തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു സ്വാഗതവും ശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രൊഫ. വി.എസ്.ലീ നന്ദിയും പറഞ്ഞു.
ചരിത്രത്തിൽ ആദ്യം
എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാകരും അനദ്ധ്യാപകരും ഒരുമിച്ച് ചേർന്നതും അമരക്കാരന് സ്നേഹാദരം സമ്മാനിച്ചതും ചരിത്രത്തിൽ ആദ്യമാണ്. കണ്ണൂർ മുതൽ ചെമ്പഴന്തി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 99 ശതമാനം അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ നീതിക്കായി അവസാന ശ്വാസം
വരെ ശബ്ദിക്കും: വെള്ളാപ്പള്ളി
സാമൂഹ്യ നീതിക്കായി താൻ അവസാനശ്വാസം വരെ ശബ്ദിക്കുമെന്നും സ്നേഹാദരവിനുള്ള മറുപടി പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ വർഗീയവാദിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. യോഗത്തിന്റ അഭിഭാഷകൻ മുസ്ലീം വിഭാഗക്കാരനാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ളവരാണ് യോഗത്തിന്റെ ഓഡിറ്റ് നടത്തുന്നത്. നീതി ചോദിക്കുമ്പോൾ ക്രൂശിക്കാൻ ഇറങ്ങിയിട്ട് കാര്യമില്ല. പലരും തനിക്കിട്ട് പണി തന്ന് തുടങ്ങിയിട്ട് എത്രകാലമായി. ഒരു പണി വച്ചിട്ടും ഒരു ചുക്കും നടന്നിട്ടില്ല. അതിന്റെ കാരണം സമുദായമാണ്. സമുദായം തനിക്ക് സ്നേഹം നൽകുന്നു. താൻ തിരിച്ച് സ്നേഹം നൽകുന്നു. സമുദായം ഏൽപ്പിച്ച കർമ്മം വെള്ളം ചേർക്കാതെ നിർവഹിക്കും. അധികാരത്തിൽ അധസ്ഥിതരും എത്തണം. അവർക്കും ജനസംഖ്യാനുപാതികമായി എല്ലാ മേഖലകളിലും പ്രാതിനിദ്ധ്യം കിട്ടണം. കഴിഞ്ഞ 30 വർഷത്തിനിടയിൽ ശ്രീനാരായണ സ്ഥാപനങ്ങൾക്ക് വലിയ മുന്നേറ്റം ഉണ്ടായി. അച്ചടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേ വളരൂ. അതിന് അദ്ധ്യാപകരും അനദ്ധ്യാപകരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.