കേരളത്തിന് അവഗണിക്കാൻ പറ്റാത്തയാളാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് വെള്ളാപ്പള്ളി നടേശൻ 30 വർഷം പൂർത്തിയാക്കുന്നത് ചരിത്രമാണ്. ആരംഭകാലത്തതിനേക്കാൾ ജനസമ്മതിയും അംഗീകാരവും വർദ്ധിപ്പിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നു. പക്ഷെ സ്വന്തം അഭിപ്രായം അദ്ദേഹം തുറന്നുപറയുന്നു. സാധാരണക്കാരുടെ ഭാഷയും സാധാരണക്കാരും പാവങ്ങളുമായുള്ള ആത്മബന്ധവുമാണ് അദ്ദേഹത്തിന്റെ കരുത്ത്. പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നു. കേരളത്തിൽ ആദ്യമായി കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരുന്നത് എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രതിരോധ്യനായ അമരക്കാരൻ:
എൻ.കെ. പ്രേമചന്ദ്രൻ
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അപ്രതിരോധ്യനായ അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 30 വർഷക്കാലം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണ്. സാധാരണ മാനേജർമാരോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശത്രുതാ മനോഭാവമാണ്. അതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് വെള്ളാപ്പള്ളി നടേശൻ സൃഷ്ടിച്ചിരിക്കുന്നത്. ഏത് ശത്രുവിനെയും എത്ര കടുത്ത അഭിപ്രായ വ്യത്യാസമുള്ളവരെയും വൈരം സൂക്ഷിക്കാതെ ചേർത്തുപിടിക്കുന്നതാണ് വെള്ളാപ്പള്ളി നടേശന്റെ സവിശേഷത. കേരള സമൂഹത്തിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി വെള്ളാപ്പള്ളി നടേശൻ മാറിയിരിക്കുന്നു. ഗുരുദേവൻ മുന്നോട്ടുവച്ച വീക്ഷണങ്ങൾ ചടുലമായി അദ്ദേഹം നടപ്പാക്കുന്നുവെന്നും എം.പി പറഞ്ഞു.
30 വർഷത്തിനിടയിൽ 130
സ്ഥാപനങ്ങൾ: തുഷാർ
കഴിഞ്ഞ 30 വർഷത്തിനിടയിൽ 13 സ്ഥാപനങ്ങളാണ് യോഗത്തിന്റെയും ട്രസ്റ്റിന്റെയും നിലവിലെ നേതൃത്വം ആരംഭിച്ചതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലവിലെ നേതൃത്വം അധികാരത്തിൽ വരുമ്പോൾ എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപനങ്ങളെല്ലാം വർഷങ്ങളായുള്ള റിസീവർ ഭരണത്തിൽ ദയനീയാവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ ഒരു നുറ്റാണ്ട് കൊണ്ട് ഉണ്ടാകാഞ്ഞ വളർച്ചയാണ് കഴിഞ്ഞ 30 വർഷക്കാലത്തിനിടയിൽ ഉണ്ടായത്. അതിനൊപ്പം സംഘടനാപരമായും വ്യവസായികമായും ഏറെ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
''
ഒരു സംഘടനയുടെ അമരത്ത് 30 വർഷക്കാലം പ്രവർത്തിക്കാൻ അസാമാന്യമായ നേതൃപാടവമുള്ളവർക്കേ കഴിയൂ. അദ്ദേഹം അമരത്ത് എത്തിയ ശേഷം ശാഖകളുടെയും യൂണിയനുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിച്ചു. ഇന്ന് കേരളം ശ്രദ്ധിക്കുന്ന അപൂർവം സ്വരങ്ങളിലൊന്നാണ് വെള്ളാപ്പള്ളി നടേശൻ. തനിക്ക് ശരിയെന്ന് തോന്നുന്നത് ഉച്ചത്തിൽ വിളിച്ചുപറയാൻ ധൈര്യം കാണിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ്. ജാതിക്കും മതത്തിനും അതീതമായി അദ്ദേഹം ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കായി പൂർണസമയം നീക്കിവച്ചിരിക്കുകയാണ്.
എം. നൗഷാദ് എം.എൽ.എ
അവഗണിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവമുള്ളയാണ് വെള്ളാപ്പള്ളി നടേശൻ. സമുദായത്തെ ചേർത്തുനിറുത്തിയതാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണം. സഹധർമ്മിണി പ്രീതി നടേശൻ അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകുന്നു. വെള്ളാപ്പള്ളി നടേശൻ അമരത്ത് 30 വർഷം പൂർത്തിയാക്കുന്നതിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് ഏറെ അഭിമാനിക്കാം.
ഹണി ബഞ്ചമിൻ, മേയർ
പറയേണ്ടത്, പറയേണ്ട സമയത്ത്, പറയേണ്ട രീതിയിൽ പറയുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തെ മതവിവേചനം സൃഷ്ടിക്കുന്നയാളായി ചിത്രീകരിക്കാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. അത്തരം പ്രചാരണങ്ങളെല്ലാം കൂടിപ്പോയാൽ ഒരാഴ്ചത്തെ ആയുസേയുള്ളുവെന്ന് അദ്ദേഹം തെളിയിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ നയിച്ച 30 വർഷക്കാലം. ഗുരുദർശനം ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ വളർച്ചയ്ക്ക് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്.
പി. സുന്ദരൻ
എസ്.എൻ.ഡി.പി യോഗം കൗൺസിലർ
ഒത്തുപറയാതെ ഉള്ളത് പറയുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. പാവങ്ങളുടെ പടത്തലവനാണ്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന് അദ്ദേഹം നിരന്തരം പറയുന്നു. നേതൃമികവിന്റെ അവസാന വാക്കാണ് വെള്ളാപ്പള്ളി നടേശൻ.
ഡോ. എസ്.വിഷ്ണു, സംസ്ഥാന പ്രസിഡന്റ്,
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ
കഴിഞ്ഞ 30 വർഷത്തിനിടയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് സമാനതകളില്ലാത്ത മുന്നേറ്റമാണ് വെള്ളാപ്പള്ളി നടേശൻ സൃഷ്ടിച്ചത്. ദീർഘവീക്ഷണത്തോടെയുള്ള വെള്ളാപ്പള്ളി നടേശന്റെ ഇടപെടൽ യോഗത്തിന്റെയും ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ വലിയ ഉയർച്ചയിലേക്ക് നയിച്ചു.
പ്രൊഫ. വി.എസ്. ലീ, സംസ്ഥാന ചെയർമാൻ,
ശ്രീനാരായണഗുരു റിട്ടയേർഡ് ടീച്ചേഴ്സ് കൗൺസിൽ