photo

കൊല്ലം: സ്വയം വരിച്ച അന്ധത മാറ്റി കുരുക്ഷേത്ര ഭൂമിയിൽ ഗാന്ധാരി കണ്ണ് തുറന്നു. രണഭൂമിയിൽ മരിച്ചുകിടക്കുന്ന മക്കളെ കണ്ട ഗാന്ധാരിയുടെ വിലാപം വേദിക്ക് മുന്നിലിരിക്കുന്നവരുടെ ഹൃദയത്തിലേക്ക് ആഴത്തി​ൽ പതി​ഞ്ഞു. കഥാപ്രസംഗ കലയുടെ, ഇനി​യും നശി​ച്ചി​ട്ടി​ല്ലാത്ത ആസ്വാദ്യതയാണ് ജെ.എസ്. ഇന്ദുവി​ലൂടെ (27) സദസ് അനുഭവി​ച്ചത്.

കേരള സംഗീത നാടക അക്കാഡമി കടപ്പാക്കട സ്പോർട്സ് ക്ളബ്ബിൽ സംഘടിപ്പിച്ച ദക്ഷിണമേഖല കഥാപ്രസംഗ ശില്പശാലയിലാണ് പത്തനാപുരം തലവൂർ നടുത്തേരി വൃന്ദാവനത്തിലെ ജെ.എസ്.ഇന്ദു 'ഗാന്ധാരി' കഥാപ്രസംഗമായി അവതരിപ്പിച്ചത്. ഭാരത കഥയുടെ ഏറ്റവും പ്രസക്ത ഭാഗങ്ങളിലൊന്നാണ് ഗാന്ധാരിയുടെ വിലാപ ഭാഗങ്ങൾ. പുരാണ കഥയ്ക്കൊപ്പം വർത്തമാനകാല യാഥാർത്ഥ്യങ്ങളും കൂടി ചേർത്തായിരുന്നു പ്രമുഖ കാഥികരടക്കമുള്ള സദസിന് മുന്നിൽ ഇന്ദു കഥ പറഞ്ഞത്. പ്രമുഖ കാഥികൻ വി.ഹർഷകുമാറിന്റെ ശിക്ഷണത്തിലാണ് വർഷങ്ങൾക്ക് മുൻപ് 'ഗാന്ധാരി'യുടെ കഥ പഠിച്ചത്. നൂറുകണക്കിന് വേദികളിൽ പറയാനും കലോത്സവ കുട്ടികളെ പഠിപ്പിക്കാനും ഇന്ദുവിന് കഴിഞ്ഞു.

പഠിച്ചത് കലോത്സവത്തി​ന്

ക്ഷേത്രം ശാന്തിക്കാരനായ സന്തോഷ് ശർമ്മയുടെയും വീട്ടമ്മയായ ജയശ്രീയുടെയും ഏക മകളായ ജെ.എസ്.ഇന്ദു സ്കൂൾ പഠനകാലത്ത് കലോത്സവത്തിൽ പങ്കെടുക്കാനാണ് കഥാപ്രസംഗം പഠിച്ചത്. നന്നായി സംഗീതം വഴങ്ങുന്ന, പ്രസംഗിക്കുന്നയാൾക്ക് കഥാപ്രസംഗം അതിലും നന്നായി ഇണങ്ങി. സമ്മാനങ്ങളും ഏറെ വാരിക്കൂട്ടി. സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചതോടെ കലാരംഗത്ത് കൂടുതൽ സജീവമായി. ഗാന്ധാരി മാത്രമല്ല, ഉണ്ണിയാർച്ച, അനാഥൻ, കഥയല്ലിത് ജീവിതം, അമ്മയുടെ സ്വാതന്ത്ര്യം, ദുരവസ്ഥ തുടങ്ങി രണ്ട് ഡസനിലധികം കഥകൾ വേദികളിൽ അവതരിപ്പിച്ചു. തിരുവനന്തപുരം കഥാപ്രസംഗ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെ സർട്ടിഫിക്കറ്റ് കോഴ്സ് പാസായി. എം.എസ്‌സി ഫിസിക്‌സിന് അദ്ധ്യാപക വിദ്യാർത്ഥിയുമായി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ട് ഇപ്പോൾ കഥാപ്രസംഗ ലോകത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.