പത്തനാപുരം : നഗരമദ്ധ്യത്തിലെ പത്തനാപുരം ടൗണിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും വാഹനങ്ങളെ നിയന്ത്രിക്കാൻ സ്ഥിരമായി പൊലീസിനെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നു. കുന്നിക്കോട്-പത്തനാപുരം റോഡും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയും സംഗമിക്കുന്ന ഈ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും പൊലീസിന്റെ അഭാവവും വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
അപകടങ്ങൾ വർദ്ധിക്കുന്നു
പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് ബസുകൾ കുന്നിക്കോട് പാത വഴി റോഡിലേക്ക് പ്രവേശിക്കുമ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസവും ഉണ്ടാകുന്നത്. വർഷങ്ങളായി ഈ ദുരിതം തുടരുമ്പോഴും പഞ്ചായത്തോ ജനപ്രതിനിധികളോ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യാപകമായി ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ഈ ദയനീയ സ്ഥിതി തുടരുന്നതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.