കൊല്ലം: കേരളത്തിലെ കശുഅണ്ടി തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ജീവിത പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിനുപകരം തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാന്റെ നിലപാട് അപഹാസ്യമാണെന്ന് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ എന്നിവർ ആരോപിച്ചു.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചെയർമാന്റെ പ്രസ്താവനകൾ. അഴിമതിയും കൊടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് അർദ്ധസത്യങ്ങളുമായി ചെയർമാൻ ഇറങ്ങിയിരിക്കുന്നത്. ഇടത് സർക്കാരുകളുടെ ഭരണകാലത്ത് തൊഴിലാളികൾക്ക് ലഭിച്ച ജോലി പ്രതിവർഷം ശരാശരി 95- 99 ദിവസങ്ങളായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് ശരാശരി 166 ദിവസം വീതം തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾക്ക് 22.5 ശതമാനമായിരുന്ന ബോണസ് പിണറായി സർക്കാരിന്റെ കാലത്ത് 20 ശതമാനമാക്കി. 948 ഫാക്ടറികൾ ഉണ്ടായിരുന്ന കേരളത്തിൽ 800ൽ അധികം ഫാക്ടറികൾ ഇടത് സർക്കാരിന്റെ ഭരണകാലത്ത് അടച്ചുപൂട്ടി. പുതിയ ഫാക്ടറികൾക്ക് ലൈസൻസ് നൽകുന്നതിനെതിരെ സമരം നടത്തിയത് സി.ഐ.ടി.യു ആയിരുന്നു. തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ തട്ടിപ്പും വെട്ടിപ്പും നടത്തിയതും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലാണെന്നും നേതാക്കൾ ആരോപിച്ചു.