കൊല്ലം: സാമൂഹ്യ നീതിക്കായി താൻ അവസാനശ്വാസം വരെ ശബ്ദിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജൻറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തിന് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണ റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് നൽകിയ സ്നേഹാദരവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്നെ വർഗീയവാദിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. യോഗത്തിന്റ അഭിഭാഷകൻ മുസ്ലീം വിഭാഗക്കാരനാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ളവരാണ് യോഗത്തിന്റെ ഓഡിറ്റ് നടത്തുന്നത്. നീതി ചോദിക്കുമ്പോൾ ക്രൂശിക്കാൻ ഇറങ്ങിയിട്ട് കാര്യമില്ല. പലരും തനിക്കിട്ട് പണി തന്ന് തുടങ്ങിയിട്ട് എത്രകാലമായി. ഒരു പണി വച്ചിട്ടും ഒരു ചുക്കും നടന്നിട്ടില്ല. അതിന്റെ കാരണം സമുദായമാണ്. സമുദായം തനിക്ക് സ്നേഹം നൽകുന്നു. താൻ തിരിച്ച് സ്നേഹം നൽകുന്നു. സമുദായം ഏൽപ്പിച്ച കർമ്മം വെള്ളം ചേർക്കാതെ നിർവഹിക്കും. അധികാരത്തിൽ അധസ്ഥിതരും എത്തണം. അവർക്കും ജനസംഖ്യാനുപാതികമായി എല്ലാ മേഖലകളിലും പ്രാതിനിദ്ധ്യം കിട്ടണം. കഴിഞ്ഞ 30 വർഷത്തിനിടയിൽ ശ്രീനാരായണ സ്ഥാപനങ്ങൾക്ക് വലിയ മുന്നേറ്റം ഉണ്ടായി. അച്ചടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേ വളരൂ. അതിന് അദ്ധ്യാപകരും അനദ്ധ്യാപകരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.