കൊല്ലം: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും. കടയ്ക്കൽ കോട്ടുക്കൽ ചെറുകുളം സലിജ മൻസിലിൽ സെയ്ഫുദ്ദീനെയാണ് (49) കൊട്ടാരക്കര അസി.സെഷൻസ് കോടതി ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. ഭാര്യ സലിജ (41), മകൻ മുഹമ്മദ് അക്ബർ (21) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യാ മാതാവ് ഷാമിലയെ (59) വെട്ടിപ്പരിക്കേൽപ്പിച്ചതിനും കേസുണ്ട്. 2018 ഫെബ്രുവരി 25നാണ് സംഭവം. ഭർത്താവിൽ നിന്ന് നിരന്തരം മർദ്ദനമേറ്റിരുന്ന സലിജ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് വെട്ടുകത്തിയുമായെത്തി സെയ്ഫുദ്ദീൻ അക്രമം കാട്ടിയത്. മൂന്നുപേരെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇളയ മകളെയും എടുത്തുകൊണ്ട് പുറത്തേക്കോടിയ സെയ്ഫുദ്ദാൻ ബൈക്കിൽ രക്ഷപെടവെ പൊലീസ് പിടികൂടുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സജിലയും മകനും അമ്മയും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കടയ്ക്കൽ സി.ഐയായിരുന്ന എസ്.സാനിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടർ കെ.ഷാജി ഹാജരായി.