crime
പോലിസ് പിടികൂടിയ സന്തോഷ് കുമാര്‍

ചവറ : ബി.എസ്.എൻ.എല്ലിന്റെ ഫൈബർ കേബിളുകൾ മോഷ്ടിച്ച വയോധികനെ പൊലീസ് പിടികൂടി. പന്മന കളരിയിൽ മാമ്പുഴ വടക്കതിൽ വീട്ടിൽ സന്തോഷ് കുമാറിനെയാണ് (56)​ ചവറ പൊലീസ് പിടികൂടിയത്. ബി.എസ്.എൻ.എൽ കരാറുകാരന് നഷ്ടം വരുത്താനും പ്രദേശത്തെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്താനുമായിരുന്നു ഇയാളുടെ ശ്രമം.

കളരി പ്രദേശത്തെ തൂണുകളിൽ സ്ഥാപിച്ചിരുന്ന ഫൈബർ കേബിളുകളും ജോയിന്റ് ബോക്സുകളും സ്ഥിരമായി മുറിച്ച് മാറ്റുന്നതായി ബി.എസ്.എൻ.എൽ അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. തുടർച്ചയായി ഇന്റർനെറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഏകദേശം 50-ഓളം ഉപഭോക്താക്കൾ ബി.എസ്.എൻ.എൽ കണക്ഷൻ ഉപേക്ഷിച്ചു. ഇത് കമ്പനിക്ക് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി. സംഭവത്തെ തുടർന്ന് ചവറ ബി.എസ്.എൻ.എൽ മേലധികാരി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പൊലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും, അതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.