കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സി.ബി.ഐ സമർപ്പിച്ച പ്രോസിക്യൂഷൻ അനുമതി അപേക്ഷയിൽ 45 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.

കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനാണ് സി.ബി.ഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയത്.

ഹൈക്കോടതിയുടെ മുൻ ഉത്തരവ് കണക്കിലെടുക്കാതെയാണ് സർക്കാർ അനുമതി നിഷേധിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

അനുമതി നിഷേധിച്ചത് കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച് കടകംപള്ളി മനോജാണ് ഹർജി നൽകിയത്.

സർക്കാർ തീരുമാനം കോടതി അലക്ഷ്യമാണെന്ന വാദത്തിൽ കഴമ്പുണ്ടെങ്കിലും അപേക്ഷയിൽ ഉചിതമായ തീരുമാനമെടുക്കാൻ ഒരവസരം കൂടി നൽകുകയാണെന്ന് കോടതി വ്യക്തമാക്കി. തീരുമാനമെടുക്കാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. തുടർ നടപടികൾ അറിയിക്കാൻ ഹർജി ഒക്ടോബർ 15 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ വർഷം ജൂലായ് 24ന് പുറപ്പെടുവിച്ച ഉത്തരവ് കണക്കിലെടുക്കാതെയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. 2006-2015 കാലഘട്ടത്തിൽ കാഷ്യൂ കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് ആരോപണം. ഹൈക്കോടതി നിർദ്ദേശപ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ചന്ദ്രശേഖരനെയും രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാനുളള അപേക്ഷ 2020ലും സർക്കാർ നിരാകരിച്ചിരുന്നു. ഇത് റദ്ദാക്കിയായിരുന്നു സി.ബി.ഐയുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടത്.